നെയ്മറിന്റെ ശസ്ത്രക്രിയ ദോഹയില്‍; ശക്തനായി തിരിച്ചെത്തുമെന്ന് താരം
പാരിസിലുള്ള താരം രണ്ട് ദിവസത്തിനുള്ളില്‍ ഖത്തറിലേക്ക് യാത്ര തിരിക്കും.
പാരിസ്: പിഎസ്ജി സ്റ്റാര്‍ നെയ്മര്‍ ജൂനിയറുടെ കാലിന്റെ ശസ്ത്രക്രിയ ദോഹയിലെ ആസ്പറ്റെര്‍ ആശുപത്രിയില്‍ നടക്കും. ലണ്ടനിലെ പ്രശസ്ത സര്‍ജന്‍ ജെയിംസ് കാല്‍ഡറാണ് ശസ്ത്രക്രിയക്ക് നേതൃത്വം വഹിക്കുക. 2019ല്‍ നടന്ന പരിക്കിനും കാള്‍ഡറാണ് നെയ്മറെ ചികില്‍സിച്ചത്. മറ്റൊരു പ്രഫസറായ പീറ്റര്‍ ഡി ഹൂഗെയും ശസ്ത്രക്രിയക്ക് കാള്‍ഡര്‍ക്കൊപ്പമുണ്ടാവും. പിഎസ്ജിയുടെ മെഡിക്കല്‍ പാര്‍ട്ണറാണ് ആസ്‌പെറ്റര്‍ ആശുപത്രി.
പാരിസിലുള്ള താരം രണ്ട് ദിവസത്തിനുള്ളില്‍ ഖത്തറിലേക്ക് യാത്ര തിരിക്കും. 2019മുതല്‍ നെയ്മറിന് കാലിന് പ്രശ്‌നമുണ്ട്. നിരവധി തവണ താരത്തിന് കാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ പിഎസ്ജിയും നെയ്മറും ശസ്ത്രക്രിയ നടത്താതെ മുന്നോട്ട് പോവുകയായിരുന്നു. ഇത് താരത്തിന്റെ കാലിന്റെ അവസ്ഥ മോശമാക്കിയിരുന്നു. കഴിഞ്ഞ മാസം 20ന് ലില്ലെയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് നെയ്മറിന്റെ കാലിന് വീണ്ടും പരിക്കേറ്റത്. തുടര്‍ന്നാണ് ശസ്ത്രക്രിയ നിര്‍ബന്ധമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. താരം നാല് മാസത്തോളം കളിക്കളത്തിന് പുറത്താവും. ശക്തനായി തിരിച്ചെത്തുമെന്നാണ് നെയ്മര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.