മ്യൂണിക്: എതിരില്ലാത്ത ഒരു ഗോളിന് ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് ജയം. ആര്‍ബി ലീപ്‌സിഗിനെയാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. 28ാം മിനിറ്റില്‍ ഫ്രാങ്ക് റിബറി നേടിയ ഗോളിലാണ് ബയേണിന്റെ ജയം.
ജയത്തോടെ ടേബിള്‍ ടോപ്പേഴ്‌സായ ബൊറുസിയ ഡോര്‍ട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറയ്ക്കാന്‍ ബയേണിന് കഴിഞ്ഞു. പട്ടികയില്‍ മൂന്നാംസ്ഥാനമാണ് ബയേണിന്. ഇഞ്ചുറി സമയത്ത് ഇരട്ട ചുവപ്പുകാര്‍ഡുകള്‍ ഇരുടീമുകളും കണ്ടതിനാല്‍ പത്തുപേരുമായിട്ടായിരുന്നു കളിയവസാനിച്ചത്.തിയാഗോയെ ഫൗള്‍ ചെയ്തതിന് സ്വീഡിഷ് താരം സ്റ്റീഫന്‍ ഇല്‍സാങ്കറാണ് ആദ്യം ചുവപ്പ് കണ്ട് പുറത്ത് പോയത്. തിയാഗോ നിലത്ത് വീണത് കണ്ട് ഇല്‍സാങ്കറെ ടണല്‍ വരെ പിന്തുടര്‍ന്ന റെനാറ്റോ സാഞ്ചസിന് മോശം പെരുമാറ്റത്തിനാണ് രണ്ട് മഞ്ഞ നല്‍കി പുറത്തേക്ക് വിട്ടത്.ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെ ഫോര്‍ച്യൂണ്‍ തളച്ച അവസരം മുതലെടുത്താണ് തുടര്‍ച്ചയായ ഏഴാം കിരീടപ്പോരാട്ടത്തിലേക്ക് ബയേണ്‍ കടന്നത്.
ഹോഫന്‍ഹിം വേര്‍ഡര്‍ പോരാട്ടം സമനിലയില്‍
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ വേര്‍ഡര്‍ ബ്രെമനെ ഹോഫന്‍ഹിം സമനിലയില്‍ തളച്ചു. ഓരോ ഗോളു വീതമടിച്ചാണ് ഇരു ടിമുകളും പോയിന്റ് പങ്കിട്ടത്. വേര്‍ഡര്‍ ബ്രെമന് വേണ്ടി സെലാസിയും ഹോഫെന്‍ഹെയിമിന് വേണ്ടി ബിറ്റണ്‍കോര്‍ട്ടുമാണ് ഗോളടിച്ചത്. 31ാം മിനിറ്റിലാണ് ഹോഫന്‍ഹിം ലീഡ് നേടിയത്. തുടര്‍ന്ന് രണ്ടാംപകുതിയിലാണ് വെര്‍ഡര്‍ ഗോള്‍ മടക്കിയത്.
ബുണ്ടസ് ലീഗയില്‍ ഇന്ന് വിജയിച്ചിരുന്നെങ്കില്‍ അഞ്ചാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ഹോഫന്‍ഹിം നഷ്ടപ്പെടുത്തിയത്. നിലവില്‍ 24 പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം. ഒമ്പതാം സ്ഥാനത്താണ് വേര്‍ഡര്‍ ബ്രെമന്‍.
യൂറോപ്പില്‍ നിന്നും പുറത്തായ ജൂലിയന്‍ നൈഗല്‍സ്മാന്റെ ഹോഫന്‍ഹിം ഈ സീസണിലും ലക്ഷ്യം വെക്കുന്നത് ഒരു യൂറോപ്യന്‍ സ്‌പോട്ടാണ്. അടുത്ത സീസണ്‍ മുതല്‍ നൈഗല്‍സ്മാന്‍ ലെപ്‌സിഗിനെയാണ് പരിശീലിപ്പിക്കുക.
ഫ്രാങ്ക്ഫര്‍ട്ടിന് സമനില
ബുണ്ടലീഗയില്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിന് സമനില. മയിന്‍സാണ് ഫ്രാങ്ക്ഫര്‍ട്ടിനെ സമനിലയില്‍ തളച്ചത്. യൂറോപ്പില്‍ കുതിക്കുമ്പോളും ലീഗയില്‍ രണ്ട് മല്‍സരങ്ങളില്‍ ജയമില്ലാത്തത് ഫ്രാങ്ക് ഫര്‍ട്ടിന് തിരിച്ചടിയായി.
രണ്ട് തവണ പിന്നില്‍ നിന്നും തിരിച്ച് വന്നാണ് ഫ്രാങ്ക്ഫര്‍ട്ട് സമനില നേടിയത്. ബയേണിനോട് പരാജയപ്പെട്ട ലെപ്‌സിഗിനെ മറികടന്ന് നാലാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ഫ്രാങ്ക്ഫര്‍ട്ട് നഷ്ടമാക്കിയത്. ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി ലൂക യോവിച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മയിന്‍സിന് വേണ്ടി റോബിന്‍ ക്വെയ്‌സണാണ് ഇരട്ട ഗോളുകള്‍ നേടിയത്.