ചാംപ്യന്‍സ് ലീഗില്‍ ഷാല്‍ക്കെയെ ഗോള്‍മഴയില്‍ മുക്കി സിറ്റി
ഇരുപാദങ്ങളിലുമായി 10-2ന്റെ ജയമാണ് സിറ്റി കൈക്കലാക്കിയത്
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മല്‍സരത്തില്‍ ജര്‍മന്‍ ശക്തികളായ ഷാല്‍ക്കെ എഫ് സിയെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഷാല്‍ക്കെക്കെതിരേ സിറ്റിയുടെ ജയം. ജര്‍മനിയില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ 3-2ന്റെ ജയം നേടിയ ഇംഗ്ലീഷ് ക്ലബ്ബിന് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. ഇരുപാദങ്ങളിലുമായി 10-2ന്റെ ജയമാണ് സിറ്റി കൈക്കലാക്കിയത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണിത്. പ്രീമിയര്‍ ലീഗില്‍ ഒന്നാമതുള്ള സിറ്റി നിലവില്‍ സൂപ്പര്‍ ഫോമിലാണ്. സെര്‍ജിയോ അഗ്വേറ രണ്ടുഗോള്‍ നേടി. ആദ്യ ഗോള്‍ 35ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു. 38ാം മിനിറ്റില്‍ തന്നെ അഗ്വേറയുടെ രണ്ടാം ഗോളും പിറന്നു. അടുത്ത ഗോള്‍ 42ാം മിനിറ്റില്‍ സാനെയുടെ വകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് മല്‍സരത്തിലും സാനെ ഗോള്‍ നേടി. ആദ്യ പകുതിയിലെ മൂന്ന് ഗോളുകള്‍ക്ക് ശേഷം രണ്ടാം പകുതിയില്‍ 56ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങിലൂടെ സിറ്റി നാലാം ഗോള്‍ നേടി. തുടര്‍ന്ന് 71ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ അഞ്ചാം ഗോള്‍. 78ാം മിനിറ്റില്‍ ഫോഡനിലൂടെ ആറാം ഗോളും 84ാം മിനിറ്റില്‍ ജീസസിലൂടെ സിറ്റി ഏഴാം ഗോളും നേടി. ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നാളെ നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ബാഴ്‌സലോണ ലയോണിനെയും ബയേണ്‍ മ്യൂണിക്ക് ലിവര്‍പൂളിനെയും നേരിടും.