ചാംപ്യന്‍സ് ലീഗ് നോക്കൗട്ടില്‍ മെസ്സിയും നെയ്മറും നേര്‍ക്ക് നേര്‍
അവസാന 16ലെ മറ്റൊരു പ്രധാന മല്‍സരം അത്‌ലറ്റിക്കോ മാഡ്രിഡും ചെല്‍സിയും തമ്മിലാണ്.
പാരിസ്: ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടുകളുടെ നറുക്കെടുപ്പ് കഴിഞ്ഞു. നോക്കൗട്ടിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ ബാഴ്‌സലോണയും പിഎസ്ജിയും നേര്‍ക്ക്‌നേര്‍ വരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ചാംപ്യന്‍മാര്‍ പിഎസ്ജി ബാഴ്‌സയെ നേരിടുമ്പോള്‍ അരങ്ങൊരുങ്ങുന്നത് നെയ്മര്‍-മെസ്സി പോരാട്ടത്തിനാണ്. നെയ്മര്‍ ബാഴ്‌സലോണ വിട്ടതിന് ശേഷം ആദ്യമായാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് നോക്കൗട്ടിലെ ഇരുപാദമല്‍സരങ്ങള്‍ നടക്കുക. അവസാന 16ലെ മറ്റൊരു പ്രധാന മല്‍സരം അത്‌ലറ്റിക്കോ മാഡ്രിഡും ചെല്‍സിയും തമ്മിലാണ്. റയല്‍ മാഡ്രിഡിന്റെ എതിരാളി ഇറ്റാലിയന്‍ പ്രമുഖരായ അറ്റ്‌ലാന്റയാണ്. ഡോര്‍ട്ട്മുണ്ട് സെവിയ്യയുമായി പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടമ്പോള്‍ യുവന്റസിന്റെ എതിരാളികള്‍ എഫ് സി പോര്‍ട്ടോയാണ്. മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ എതിരാളി ലെപ്‌സിഗാണ്. നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് കൊമ്പുകോര്‍ക്കുന്നത് ലാസിയോടാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റുമുട്ടുന്നത് ബൊറൂസിയ മൊന്‍ ഗ്ലാഡ്ബാഷിനോടാണ്.
യൂറോപ്പാ ലീഗിന്റെ അവസാന 32 ടീമുകളുടെ പോരാട്ടങ്ങള്‍ക്കുള്ള ഡ്രോയും ഇന്ന് നടന്നു. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി റയല്‍ സോസിഡാഡ് ആണ്. സ്പാനിഷ് ലീഗില്‍ സോസിഡാഡ് ഒന്നാം സ്ഥാനത്താണ്. ആഴ്‌സണലിന്റെ എതിരാളികള്‍ പോര്‍ച്ചുഗല്‍ പ്രമുഖരായ ബെന്‍ഫിക്കയാണ്. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ അയാകസിന്റെ എതിരാളി ലില്ലെയാണ്.