നെയ്മറിന് ഹാട്രിക്ക്; പിഎസ്ജി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍
ഗ്രൂപ്പില്‍ യുനൈറ്റഡും ഇസ്താംബൂള്‍ ബാസ്കസെഹറുമാണ് പുറത്തായത്.
പാരിസ്: വംശീയാധിക്ഷേപത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിവച്ച ചാംപ്യന്‍സ് ലീഗിലെ പിഎസ്ജി-ഇസ്താംബൂള്‍ ബാസ്കസെഹര് മല്‍സരത്തില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം.ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ഭീമന്മാരുടെ ജയം. ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറുടെ ഹാട്രിക്കും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുമാണ് പിഎസ്ജിക്ക് വമ്പന്‍ ജയമൊരുക്കിയത്. ജയത്തോടെ പിഎസ്ജി പ്രീക്വാര്‍ട്ടറില്‍ ഇടം നേടി. ഗ്രൂപ്പ് എച്ചില് നടന്ന മല്‍സരത്തില്‍ 21, 38, 50 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍. 42, 62 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. ഗ്രൂപ്പ് ചാംപ്യന്മാരായാണ് പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്സിഗ് രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടില്‍ ഇടം നേടി. ഈ ഗ്രൂപ്പില്‍ യുനൈറ്റഡും ഇസ്താംബൂള്‍ ബാസ്കസെഹറുമാണ് പുറത്തായത്. മല്‍സരത്തിന് ശേഷം ഇരു ടീമും വംശീയധയ്ക്കെതിരായി ഗ്രൗണ്ടില്‍ പ്രതിഷേധം രേഖപ്പെടുത്തി. താരങ്ങള്‍ ഒരു കാല് മുട്ട് നിലത്ത് കുത്തി ഒരു കൈ ഉയര്‍ത്തി തലതാഴ്ത്തി പിടിച്ചാണ് പ്രതിഷേധിച്ചത്.