ചെല്‍സിയോ അത്‌ലറ്റിക്കോയോ; ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടം
ആദ്യപാദത്തില്‍ ഒരു ഗോളിന് ജയിച്ച ചെല്‍സിക്ക് സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ഭീഷണി തന്നെയാണ്.
സ്റ്റാംഫോഡ് ബ്രിഡ്ജ്: യുവേഫാ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ലണ്ടന്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ തോമസ് ടുഷേലിന്റെ ചെല്‍സിയും സിമിയോണിയുടെ അത്‌ലറ്റിക്കോയുമാണ് വീണ്ടും ഏറ്റുമുട്ടുന്നത്. ആദ്യപാദത്തില്‍ ഒരു ഗോളിന് ജയിച്ച ചെല്‍സിക്ക് സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ഭീഷണി തന്നെയാണ്. തിരിച്ചടിക്കാന്‍ പേരുകേട്ട നിരയാണ് അത്‌ലറ്റിക്കോയുടേത്. ടുഷേലിന് കീഴില്‍ ചെല്‍സി മികച്ച ഫോമിലാണ്. വെര്‍ണര്‍, ഹാവര്‍ട്‌സ്, ഹുഡ്‌സണ്‍ ഒഡോയി, ജിറൗഡ് എന്നിവര്‍ തന്നെയാണ് ചെല്‍സിയുടെ ശക്തി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ രാത്രി 1.30നാണ് മല്‍സരം. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ചെല്‍സിക്കുണ്ട്. എന്നാല്‍ സുവാരസ്, ഫ്‌ളിക്‌സ്, ഏയ്ഞ്ചല്‍ കൊറേ, മൗസ്സാ ഡെംബലേ എന്നീ സ്‌ട്രൈക്കര്‍മാര്‍ തന്നെയാണ് അത്‌ലറ്റിക്കോയുടെ പ്രതീക്ഷ. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിനോട് തോറ്റാണ് അത്‌ലറ്റിക്കോ പുറത്തായത്. 2013-14സീസണിന് ശേഷം ചെല്‍സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടില്ല. ഇരുടീമിനും നിര്‍ണ്ണായകമായതിനാല്‍ ലണ്ടനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുക.