കൊച്ചി: ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. താരത്തിന്റെ രണ്ട് വര്‍ഷത്തെ സേവനങ്ങള്‍ക്ക് നന്ദിയറിയിച്ചാണ് ക്ലബ്ബ് ഡയമന്റക്കോസിനെ യാത്രയാക്കിയത്. ഇക്കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി 17 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയത് ഡയമന്റകോസായിരുന്നു. പിന്നാലെ താന്‍ ക്ലബ്ബ് വിടുന്നതായി താരം അറിയിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഡയമന്റക്കോസ്. ക്രൊയേഷ്യന്‍ ലീഗിലെ എച്ച്.എന്‍.കെ. ഹാജുക് സ്പ്റ്റില്‍നിന്ന് 2022-ല്‍ രണ്ടുകോടി രൂപയ്ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. 44 മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനായി നേടിയത്.
അതേസമയം ഈസ്റ്റ് ബംഗാള്‍ ഡയമന്റക്കോസിനെ ടീമിലെത്തിക്കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ക്ലബ്ബ് മുന്നോട്ടുവെച്ച ഓഫര്‍ താരം അംഗീകരിച്ചതായും സൂചനയുണ്ട്. ഈസ്റ്റ് ബംഗാളിന് പുറമെ മോഹന്‍ ബഗാന്‍, ബെംഗളൂരു, മുംബൈ സിറ്റി തുടങ്ങിയ ക്ലബ്ബുകളും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.