ഡ്യൂറന്റ് കപ്പ് ഫൈനല്‍: മല്‍സരം കടുത്തതാകുമെന്ന് ഗോകുലം കോച്ച് ഫെര്‍ണാണ്ടോ
കളത്തിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് തങ്ങള്‍ ചെവി കൊടുക്കാറില്ല. കൊല്‍ക്കത്തയിലെ കാണികളുടെ പിന്തുണ നാട്ടുകാര്‍ക്കാവുമെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഉല്‍കണ്ഠയില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത: മോഹന്‍ ബഗാനുമായി നടക്കുന്ന ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കടുത്ത മല്‍സരമായിരിക്കുമെന്ന് ഗോകുലം കേരള എഫ്‌സിയുടെ സ്പാനിഷ് കോച്ച് ഫെര്‍ണാണ്ടോ സാന്റിയാഗോ. സെമിയില്‍ ഈസ്റ്റ് ബംഗാളിനെ നേരിട്ടപോലെ ഉത്തരവാദിത്വത്തോടെ മോഹന്‍ ബഗാനെ നേരിടും. തങ്ങളുടെ ശ്രദ്ധ കളിയിലാണ്. കളത്തിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് തങ്ങള്‍ ചെവി കൊടുക്കാറില്ല. കൊല്‍ക്കത്തയിലെ കാണികളുടെ പിന്തുണ നാട്ടുകാര്‍ക്കാവുമെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഉല്‍കണ്ഠയില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഗോള്‍കീപ്പര്‍ ഉബൈദിന്റെ സുവര്‍ണ കരങ്ങളാണ് ഗോകുലത്തെ ഫൈനലിലെത്തിച്ചത്. ഉബൈദ് ഗോള്‍പോസ്റ്റിലുള്ളപ്പോള്‍ പ്രതിരോധനിരക്കാര്‍ക്ക് ഒരു സുരക്ഷ തന്നെയാണ്. മര്‍ക്കസ് ജോസഫില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഫെര്‍ണാണ്ടോ പറഞ്ഞു. ബ്രസീല്‍ താരം ബ്രൂണോ പെലിസാരി ഫിറ്റ്‌നസ് നേടേണ്ടതുണ്ട്. അദ്ദേഹത്തെ തിരക്കിട്ട് ഇന്ന് പരീക്ഷിക്കാന്‍ കോച്ച് തയ്യാറല്ല. ബ്രൂണോ മികച്ച താരമാണ്. മോഹന്‍ബഗാനുമായുള്ള ഫൈനല്‍ മത്സരം ശനിയാഴ്ച വൈകീട്ട് 5 നാണ്. ഫൈനലില്‍ വിജയിച്ചാല്‍ എഫ്.സി കൊച്ചിക്ക് ശേഷം ഡ്യൂറന്റ് കപ്പ് നേടുന്ന രണ്ടാമത്തെ ടീമാവും ടീം മലബാരിയന്‍സ്.