യൂറോ പ്രീക്വാര്‍ട്ടറിലേക്ക് തപ്പിതടഞ്ഞ് ഇംഗ്ലണ്ട്; ഡെന്‍മാര്‍ക്കും രക്ഷപ്പെട്ടു

2 പോയിന്റ് മാത്രമുള്ള സെര്‍ബിയ യൂറോ കപ്പില്‍ നിന്നു പുറത്തായി.

Update: 2024-06-26 05:19 GMT

കൊളോണ്‍: യൂറോ കപ്പില്‍ സ്ലൊവേനിയയ്‌ക്കെതിരെ സമനിലയില്‍ കുരുങ്ങി ഇംഗ്ലണ്ട് (0-0). മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയയ്‌ക്കെതിരെ ഡെന്‍മാര്‍ക്കും ഗോള്‍രഹിത സമനില വഴങ്ങി. ഒരു ജയവും 2 സമനിലയുമായി ഇംഗ്ലണ്ട് (5 പോയിന്റ്) ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായി ഡെന്‍മാര്‍ക്കും നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു. 3 പോയിന്റുള്ള സ്ലൊവേനിയയ്ക്കും മികച്ച മൂന്നാം സ്ഥാന നേട്ടവുമായി നോക്കൗട്ടിലെത്താന്‍ അവസരമുണ്ട്. മറ്റു ഗ്രൂപ്പുകളിലെ മത്സരങ്ങള്‍ അവസാനിക്കാന്‍ കാത്തിരിക്കണമെന്നു മാത്രം. 2 പോയിന്റ് മാത്രമുള്ള സെര്‍ബിയ യൂറോ കപ്പില്‍ നിന്നു പുറത്തായി.

സ്‌ലൊവേനിയയ്‌ക്കെതിരെ ആദ്യ പകുതി വളരെ ലാഘവത്തോടെ കളിച്ച ഇംഗ്ലണ്ടിനു മികച്ച മുന്നേറ്റങ്ങളോ, കൃത്യതയുള്ള പാസുകളോ കണ്ടെത്താനായില്ല. പെനല്‍റ്റി ഏരിയയ്ക്കു 29 വാര അകലെ നിന്നു ഫില്‍ ഫോഡന്റെ ഫ്രീകിക്ക് സ്ലൊവേനിയന്‍ ഗോളി യാന്‍ ഒബ്ലാക് സേവ് ചെയ്തതാണ് ഏക ഗോള്‍ ഷോട്ട്. 21ാം മിനിറ്റില്‍ ഫോഡന്റെ അസിസ്റ്റില്‍ ബുകായോ സാക പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിധി വന്നു. മറുവശത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളടിക്കാനായിരുന്നു സ്ലൊവേനിയയുടെ ശ്രമം. രണ്ടാം പാതിയില്‍ യുവതാരങ്ങളായ കോള്‍ പാമര്‍, ടെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, കോബി മെയ്‌നൂ എന്നിവരെ ഇറക്കി ഗോള്‍ നേടാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും സ്ലൊവേനിയന്‍ പ്രതിരോധനിരയും ഗോളി ഒബ്ലാക്കും തടസ്സം നിന്നു.

ജയം മാത്രം മനസിലുറപ്പിച്ചെത്തിയ സെര്‍ബിയ ഡെന്‍മാര്‍ക്കിനെതിരെ അധ്വാനിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഡെന്‍മാര്‍ക്ക് നിരയില്‍ മിഡ്ഫീല്‍ഡര്‍മാരായ ക്രിസ്റ്റ്യന്‍ എറിക്‌സണും മോര്‍ടന്‍ യുലെമനും നന്നായി കളിച്ചെങ്കിലും ഗോള്‍ വന്നില്ല. ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ ജൊയാകിം ആന്‍ഡേഴ്‌സന്റെ പിഴവില്‍ നിന്നു സെര്‍ബിയ ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.




Tags:    

Similar News