ഗെല്‍സന്‍കിര്‍ഹന്‍: തോല്‍ക്കാന്‍ സൗത്ത് ഗേറ്റിന്റെ കുട്ടികള്‍ക്ക് മനസ്സിലായിരുന്നു. ജൂഡ് ബെല്ലിങ്ഹാം ഹാരി കെയ്ന്‍ എന്നിവരെ പോലെയുള്ള നമ്പര്‍ വണ്‍ താരങ്ങളുള്ളപ്പോള്‍ അത് സാധ്യമല്ല. അതേ യൂറോ കപ്പില്‍ സ്ലൊവാക്കിയയുടെ അതിമോഹം അവസാനിപ്പിച്ച്. തോറ്റെന്ന മല്‍സരം ഇന്‍ജുറി ടൈമിലും എക്‌സ്ട്രാ ടൈമിലുമായി ഇംഗ്ലണ്ട് തിരിച്ചുപിടിച്ചു. ഒടുവില്‍ ക്വാര്‍ട്ടറിലേക്ക് അന്തസ്സോടെ കയറി. ആദ്യ പകുതിയുടെ തുടക്കത്തില്‍ സ്ലൊവാക്യ നേടിയ ലീഡ് രണ്ടാം പകുതിയുടെ ഇന്‍ജുറി സമയത്തും തുടര്‍ന്ന് അധിക സമയത്തിന്റെ ആദ്യ പകുതിയിലും നേടിയ ഗോളുകളിലാണ് ഇംഗ്ലണ്ട് മറികടന്നത്. സ്‌കോര്‍: ഇംഗ്ലണ്ട്2, സ്ലൊവാക്യ1.
ഇവാന്‍ സ്‌ക്രാന്‍സാണ് (25ാം മിനിറ്റില്‍) സ്ലൊവാക്യയുടെ ഗോള്‍ നേടിയത്. ഇന്‍ജുറി സമയത്തെ (90+5) ഓവര്‍ഹെഡ് കിക്ക് ഗോളിലൂടെ ജൂഡ് ബെലിങ്ങാമും അധിക സമയത്തിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിന്റെ രക്ഷകരായത്. ജൂലൈ 6ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും.
ആദ്യ പകുതിയില്‍ തന്നെ 5 താരങ്ങള്‍ മഞ്ഞ കാര്‍ഡ് കണ്ട കളി പലപ്പോഴും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി. ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളുടെ പിഴവില്‍ നിന്നാണു സ്ലൊവാക്യ അപ്രതീക്ഷിതമായി ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നില്‍ നിന്ന് ഉയര്‍ന്നു വന്ന പന്ത് ഫോര്‍വേഡ് ഡേവിഡ് സ്‌ട്രെലെക് കാലില്‍ നിയന്ത്രിച്ചു നിര്‍ത്തി. ഇംഗ്ലണ്ട് ബോക്‌സിലേക്ക് ഓടിയെത്തിയ മറ്റൊരു ഫോര്‍വേഡ് ഇവാന്‍ സ്‌ക്രാന്‍സ് കൃത്യമായി പന്തു വാങ്ങി ഫിനിഷ് ചെയ്തു. ഇംഗ്ലിഷ് പ്രതിരോധനിര പൊസിഷന്‍ വീണ്ടെടുക്കും മുന്‍പ് സ്‌കോര്‍ 1-0.
രണ്ടാം പകുതിയുടെ 50ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ കെയ്‌റണ്‍ ട്രിപ്പിയറിന്റെ അസിസ്റ്റില്‍ നിന്നു യുവതാരം ഫില്‍ ഫോഡന്‍ പന്ത് വലയിലെത്തിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് വിധിച്ചു. സ്‌കോര്‍ തുല്യമാക്കാന്‍ ഇംഗ്ലണ്ട് നടത്തിയ തീവ്രശ്രമങ്ങളില്‍ നിന്നാണ് ഇന്‍ജുറി സമയത്ത് സമനില ഗോള്‍ വീണത്. സ്ലൊവാക്യന്‍ കോര്‍ണര്‍ ഫ്‌ലാഗിനു സമീപത്തു നിന്നു ഗോളിലേക്കുള്ള കൈല്‍ വോക്കറിന്റെ ലോങ് ത്രോ മാര്‍ക്ക് ഗുയി ബോക്‌സിലേക്കു ഫ്‌ലിക് ചെയ്തു. പന്ത് നോക്കി നിന്ന ജൂഡ് ബെല്ലിങ്ങാമിന്റെ തകര്‍പ്പന്‍ ഓവര്‍ഹെഡ് കിക്ക് സ്ലൊവാക്യയുടെ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക നോക്കി നില്‍ക്കെ വലയിലേക്ക്. സ്‌കോര്‍: 1-1.
എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണു ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. പകരക്കാരനായി എത്തിയ കോള്‍ പാമര്‍ ബോക്‌സിലേക്കു നല്‍കിയ ഫ്രീകിക്ക് ഡുബ്രാവ്ക ക്ലിയര്‍ ചെയ്‌തെങ്കിലും ഇംഗ്ലണ്ട് താരം എബര്‍ഷി എസെയ്ക്കാണു ലഭിച്ചത്. എസെ പന്ത് ഐവാന്‍ ടോണിക്കു നല്‍കി. ഗോളിലേക്ക് ടോണി ഹെഡ് ചെയ്ത ബോള്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന്റെ മുന്നിലേക്ക്. ക്ലോസ്‌റേഞ്ച് ഹെഡര്‍ സ്‌കോര്‍ ബോര്‍ഡും കളിയും ഇംഗ്ലണ്ടിന് അനുകൂലമാക്കി (2-1).