പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഇന്ന് ആഴസ്ണലിനെതിരേ; സിറ്റിക്ക് ലെസ്റ്റര്‍ പരീക്ഷണം
എമിറേറ്റസില്‍ നാളെ രാത്രി എട്ടിന് നടക്കുന്ന മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പാണ്.
എമിറേറ്റസ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്ചകള്‍ക്ക് ശേഷം ഇന്ന് വന്‍ പോരാട്ടങ്ങള്‍. മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളിന് ആഴ്സണല്‍ ആണ് എതിരാളികള്‍.ലീഗില്‍ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തും ആഴ്സണല്‍ ഒമ്പതാം സ്ഥാനത്തുമാണ്. അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത കിട്ടാക്കനി ആയതോടെ യൂറോപ്പാ ലീഗാണ് ലിവര്‍പൂളിന്റെ ലക്ഷ്യം. ഇത് നേടാന്‍ ലീഗിലെ ആദ്യ ആറില്‍ സ്ഥാനം പിടിക്കണം. ഈ ലക്ഷ്യത്തിലേക്ക് ലിവര്‍പൂളിന് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ജയിച്ചേ മതിയാവൂ. ഇതേ സ്വപ്നം തന്നെയാണ് അര്‍ട്ടേറ്റയുടെ ആഴ്സണലിനും. ലക്ഷ്യം ഒന്നായിരിക്കെ എമിറേറ്റസില്‍ നാളെ രാത്രി എട്ടിന് നടക്കുന്ന മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പാണ്. ചാംപ്യന്‍സ് ലീഗില്‍ റയലിനെതിരേ ഇറങ്ങുന്ന ലിവര്‍പൂളിന് ഫോം തിരിച്ചുപിടിക്കേണ്ട മല്‍സരം കൂടിയാണ് എമിറേറ്റ്സില്‍ അരങ്ങേറുന്നത്. മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മാഞ്ച്സറ്റര്‍ സിറ്റി മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 7.30ക്ക് നടക്കുന്ന മല്‍സരം ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിലാണ്.