ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത് തോല്‍വിക്കാലം; തുടര്‍ച്ചയായ നാലാം തോല്‍വി
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോശം ഫോം തുടരുന്നു. സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റുവാങ്ങി. സിറ്റി ബ്രിങ്ട്ടനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. 23-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടിലൂടെ മുന്നിലെത്തിയ ശേഷമാണ് സിറ്റി തോല്‍വി വഴങ്ങിയത്. 78-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജൊവാവോ പെഡ്രോ, 83-ാം മിനിറ്റില്‍ മാറ്റ് ഓറിലി എന്നിവരാണ് ബ്രിങ്ട്ടനായി ലക്ഷ്യം കണ്ടത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് സിറ്റി നേരിട്ടത്. ഇതോടെ ലിവര്‍പൂളിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം നഷ്ടമാക്കി.
വിജയത്തോടെ ബ്രിങ്ട്ടന്‍ നാലാം സ്ഥാനത്തേക്ക് കയറി. പരിശീലകനെന്ന നിലയില്‍ ആദ്യമായിട്ടാണ് പെപ് ഗ്വാര്‍ഡിയോള തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയമറിയുന്നത്. 2021ന് ശേഷം ആദ്യപകുതിയില്‍ മുന്നിലെത്തിയ ശേഷം സിറ്റി തോല്‍ക്കുന്നത് ആദ്യമാണ്. അതേസമയം, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രിങ്ട്ടന്‍ പിന്നില്‍ നിന്ന ശേഷം ജയിച്ചുകയറുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ചാംപ്യന്‍സ് ലീഗില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണുമായി 4-1നാണ് സിറ്റി തോല്‍വിയറിഞ്ഞത്. തൊട്ടുമുമ്പ് ബേണ്‍മൗത്തിനോടും ടോട്ടനഹാമിനോടും പരാജയപ്പെട്ടിരുന്നു.