ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി; ലാ ലിഗയില്‍ റയല്‍ വിജയവഴിയില്‍
ഓള്‍ഡ്‌ട്രോഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് 3-2ന്റെ തോല്‍വി വഴങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. 30 വര്‍ഷത്തിന് ശേഷമാണ് നോട്ടിങ്ഹാം യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രാഫോഡില്‍ ജയിക്കുന്നത്.മിലന്‍കോവിച്ച്(2), ഗിബ്‌സ് വൈറ്റ്(47), വുഡ് (54) എന്നിവരാണ് നോട്ടിങ്ഹാമിനായി സ്‌കോര്‍ ചെയ്തത്. ഹൗയിലൂണ്‍(18), ബ്രൂണോ ഫെര്‍ണാണ്ടസ്(61) എന്നിവരാണ് യുനൈറ്റഡിന്റെ ആശ്വാസ ഗോളുകള്‍ നേടിയത്. ജയത്തോടെ നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തി. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് വീണു.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില.ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി സമനിലപിടിച്ചത്. ജയത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സിറ്റിക്ക് രക്ഷയുണ്ടായില്ല. നാലാം മിനിറ്റില്‍ മുനോസിലൂടെ പാലസ് ലീഡെടുത്തു. എര്‍ലിങ് ഹാലന്റ് 30ാം മിനിറ്റില്‍ സിറ്റിക്ക് സമനില നല്‍കി. എന്നാല്‍ 56ാം മിനിറ്റില്‍ ലാക്രോയിക്സിന്റെ ഗോളിലൂടെ പാലസ് വീണ്ടും ലീഡെടുത്തു. ഇതിന് മറുപടിയായി ലെവിസ് 68ാം മിനിറ്റില്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു. 2-2. എന്നാല്‍ 84ാം മിനിറ്റില്‍ ലെവിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്് സിറ്റിക്ക് തിരിച്ചടിയായി.മറ്റ് മല്‍സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ ബ്രന്റ്ഫോഡ് 4-2ന് പരാജയപ്പെടുത്തി. സതാംപ്ടണിനെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തി. ലിവര്‍പൂള്‍-എവര്‍ട്ടണ്‍ മല്‍സരം മോശം കാലവസ്ഥയെ തുടര്‍ന്ന് ഒഴിവാക്കി.
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമനില. റയല്‍ ബെറ്റിസിനോടാണ് ബാഴ്സ സമനില വഴങ്ങിയത്. 2-2നാണ് മല്‍സരം അവസാനിച്ചത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്സയാണ് ലീഡെടുത്തത്. 39ാം മിനിറ്റിലായിരുന്നു ഗോള്‍. 68ാംമിനിറ്റില്‍ ലോ സെല്‍സോയിലൂടെ ബെറ്റിസ് സമനില പിടിച്ചു. ഫെറാന്‍ ടോറസിലൂടെ 82ാം മിനിറ്റില്‍ ബാഴ്സ ലീഡെടുത്തു. മല്‍സരത്തില്‍ ബാഴ്സ ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ അസാനേ ഡിയോയിലൂടെ ബെറ്റിസ് സമനില പിടിച്ചത്. റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ജിറോണയ്‌ക്കെതിരേ മൂന്ന് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ജൂഡ് ബെല്ലിങ്ഹാം, ഗുലെര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു.