യൂറോ കപ്പ്; ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കി നെതര്‍ലന്‍ഡ്സ് ; കോപ്പയില്‍ ചിലി-പെറു മല്‍സരത്തിനും സമനില പൂട്ട്
സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി.
ലെയ്പ്സിഗ്: ഫ്രാന്‍സ് - നെതര്‍ലന്‍ഡ്സ് യൂറോ കപ്പ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍. ഫ്രഞ്ച് ക്യാപ്റ്റന്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ നിഷേധിച്ചത് നെതര്‍ലന്‍ഡ്സിനും തിരിച്ചടിയായി. ഇത്തവണത്തെ യൂറോയിലെ ആദ്യ ഗോള്‍രഹിത മത്സരമാണിത്. സമനിലയോടെ രണ്ട് കളികളില്‍ നിന്ന് നാല് പോയന്റുമായി ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. നാലു പോയന്റുമായി നെതര്‍ലന്‍ഡ്സ് രണ്ടാമതുണ്ട്. ഇതോടെ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി.
കഴിഞ്ഞ മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് നെതര്‍ലന്‍ഡ്സ് ഫ്രാന്‍സിനെതിരേ ഇറങ്ങിയത്. ജോയ് വീര്‍മന് പകരം ജെറെമി ഫ്രിംപോങ്ങെത്തി. ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ കിലിയന്‍ എംബാപ്പെയില്ലാതെയാണ് ഫ്രാന്‍സ് ആദ്യ ഇലവനെ ഇറക്കിയത്. ഒറേലിയന്‍ ചൗമെനി പകരമെത്തിയപ്പോള്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ മുന്നേറ്റത്തിലേക്ക് മാറി. എംബാപ്പെയുടെ അഭാവത്തില്‍ കോച്ച് ദിദിയര്‍ ദെഷാംപ്സിന് ഫ്രഞ്ച് ഫോര്‍മേഷന്‍ 4-2-3-1ല്‍ നിന്ന് 4-4-1-1ലേക്ക് മാറ്റേണ്ടിവന്നു.
കളിതുടങ്ങി സെക്കന്‍ഡുകള്‍ക്കകം തന്നെ ഡച്ച് ടീം ഗോളനടുത്തെത്തി. പന്ത് പിടിച്ചെടുത്ത് സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്‌നന്‍ രക്ഷപ്പെടുത്തുകയായിരുന്നു.പിന്നാലെ 14-ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരവും ഫ്രാന്‍സ് നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പന്ത് പോസ്റ്റിലേക്കടിക്കാതെ അഡ്രിയാന്‍ റാബിയോട്ട് അത് ഗ്രീസ്മാന് നല്‍കി. എന്നാല്‍ ഗ്രീസ്മാന് പന്ത് വലയിലെത്തിക്കാനായില്ല.
എന്നാല്‍ പന്ത് ലഭിക്കുമ്പോഴെല്ലാം ഡച്ച് ടീം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഫ്രിംപോങ്ങും കോഡി ഗാക്പോയും ഇരു വിങ്ങുകളിലൂടെയും ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. ഗാക്പോയുടെ ഒരു ഷോട്ട് മൈഗ്‌നന്‍ തട്ടിയകറ്റുകയും ചെയ്തു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരു ടീമും കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതില്‍ ഇതാദ്യമായാണ് ആദ്യ പകുതി ഗോള്‍രഹിതമാകുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധ്യമായില്ല. എന്നാല്‍ 60 മിനിറ്റിന് ശേഷം ഫ്രാന്‍സ് തുടര്‍ച്ചയായി ഡച്ച് ഗോള്‍മുഖം വിറപ്പിച്ചു. 65-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ മറ്റൊരു സുവര്‍ണാവസരം കൂടി നഷ്ടപ്പെടുത്തി. എന്‍ഗോളോകാന്റെ വലതുവശത്തുനിന്ന് നല്‍കിയ പന്ത് നിയന്ത്രിക്കാന്‍ ഗ്രീസ്മാന് സാധിച്ചില്ല. താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഡച്ച് ഗോളി ബാര്‍ട്ട് വെര്‍ബ്രഗന്‍ രക്ഷപ്പെടുത്തി.
പിന്നാലെ 69-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് സാവി സിമോണ്‍സ് പന്ത് വലയിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഓഫ്ലൈന്‍ ഫ്ളാഗ് ഉയര്‍ത്തിയിരുന്നു. പിന്നാലെ വാര്‍ പരിശോധനയില്‍ ഡച്ച് താരം ഡെന്‍സല്‍ ഡംഫ്രീസ് ഫ്രഞ്ച് ഗോളിക്കടുത്തും ഓഫ്സൈഡ് പൊസിഷനിലുമായത് കണക്കിലെടുത്ത് ഗോള്‍ നിഷേധിച്ചു. മിനിറ്റുകളോളമെടുത്ത വാര്‍ പരിശോധനയ്ക്ക് ശേഷമാണ് ഡച്ച് ഗോള്‍ നിഷേധിക്കപ്പെട്ടത്.
കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല. സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി.
മത്സരത്തില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. എഡ്വാര്‍ഡോ വര്‍ഗാസും അലക്സിസ് സാഞ്ചേസും അടങ്ങുന്ന ചിലിയന്‍ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താന്‍ സാധിക്കാതെ വന്നു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. പന്തടക്കത്തില്‍ ചിലിയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പെറുവിന്റെ ബോക്സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോള്‍ കണ്ടെത്താനുമായില്ല. കിട്ടിയ അവസരങ്ങളില്‍ പെറുവും മുന്നേറ്റങ്ങള്‍ നടത്തി. ഇരുടീമുകള്‍ക്കും ഗോള്‍ വലകുലുക്കാനാവാതെ വന്നതോടെ ടീമുകള്‍ ഓരോ പോയന്റ് വീതം പങ്കിട്ട് മടങ്ങി.
ഗ്രൂപ്പ് എ യില്‍ അര്‍ജന്റീനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. പെറുവിനും ചിലിക്കും ഓരോ പോയന്റ് വീതമുണ്ട്.