യൂറോ കപ്പ്; ഗ്രൂപ്പ് ഇയില്‍ റുമാനിയ ചാംപ്യന്മാര്; ബെല്‍ജിയവും സ്ലൊവാക്കിയയും പ്രീക്വാര്‍ട്ടറിലേക്ക്
ഫ്രാങ്ക്ഫുര്‍ട്ട്: യൂറോ ഇ ഗ്രൂപ്പിലെ തുല്യ പോയിന്റുള്ള 4 ടീമുകളുടെ ആവേശപ്പോരാട്ടത്തില്‍ ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തി റുമാനിയ, ബെല്‍ജിയം, സ്ലൊവാക്കിയ ടീമുകള്‍. ഗ്രൂപ്പിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ സ്ലൊവാക്കിയയ്ക്കെതിരെ നേടിയ 1-1 സമനിലയോടെ റുമാനിയയാണ് ഇ ഗ്രൂപ്പ് ചാംപ്യന്മാര്.
യൂറോയുടെ ചരിത്രത്തിലാദ്യമായാണു റുമാനിയ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്നത്. യുക്രെയ്നെതിരെ ബെല്‍ജിയം ഗോള്‍രഹിത സമനില (0-0) വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി. മികച്ച മൂന്നാം സ്ഥാനക്കാരായി സ്ലൊവാക്കിയയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്നു ടീമിനും 4 പോയിന്റു വീതമാണുള്ളത്. യുക്രെയ്നും 4 പോയിന്റുണ്ടെങ്കിലും വഴങ്ങിയ ഗോളുകളുടെ എണ്ണം കൂടുതലായതിനാല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
സ്ലൊവാക്കിയ്ക്കു വേണ്ടി ഒന്ദ്രെ ദുദയെും (24ാം മിനിറ്റ്) റുമാനിയയ്ക്കു വേണ്ടി റസ്വാന്‍ മരിനും (പെനല്‍റ്റി37) സ്കോര്‍ ചെയ്തു. റുമാനിയയുടെ ആക്രമണ വെല്ലുവിളി മറികടന്നാണു സ്ലൊവാക്യ ആദ്യ ഗോള്‍ നേടിയത്. ബോക്സിനുള്ളിലേക്കു ജുരജ് കുച്ക നല്കിയ ക്രോസ് ദുദ റുമാനിയന്‍ വലയ്ക്കുള്ളിലേക്കു ഹെഡ് ചെയ്തു. മിഡ്ഫീല്‍ഡര്‍ യനിസ് ഹാഗിയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റുമാനിയയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്.