യൂറോപ്പാ ലീഗ്; ആഴ്‌സനലിന് ജയം, യുനൈറ്റഡിനും റോമയ്ക്കും സമനില
18 കാരനായ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോള്‍ പിന്‍ബലത്തിലാണ് ആഴ്‌സനലിന്റെ യുവനിര സ്റ്റാന്‍ഡാര്‍ഡ് ലീഗെയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചത്.
ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് റൗണ്ടില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്‌സനല്‍ വന്‍ ജയം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ രഹിത സമനില വഴങ്ങി. 18 കാരനായ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോള്‍ പിന്‍ബലത്തിലാണ് ആഴ്‌സനലിന്റെ യുവനിര സ്റ്റാന്‍ഡാര്‍ഡ് ലീഗെയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചത്. മാര്‍ട്ടിനെല്ലിക്ക് (13, 16) പുറമെ വില്ലോക്ക്(22), ഡാനി സെബാലോസ്(57) എന്നിവരാണ് ആഴ്‌സണലിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ജയവും ഗോളുമില്ലാത്ത മാഞ്ചസ്റ്ററിന്റെ ഈ സീസണിലെ ദുരിതം ഇന്നത്തെ മല്‍സരത്തിലും തുടര്‍ന്നു. ഡച്ച് ക്ലബ്ബായ ആല്‍ക്മറിനെതിരേ ഗോള്‍ രഹിത സമനിലയാണ് യുനൈറ്റഡ് നേടിയത്. കഴിഞ്ഞ ഏഴ് മാസത്തിനിടയ്ക്ക് യുനൈറ്റഡ് ഒരു എവേ മല്‍സരത്തില്‍ ജയിച്ചിട്ടില്ല.
ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ ആസ്ട്രിയന്‍ ക്ലബ്ബ് വോള്‍ഫ്‌സ്ബര്‍ഗര്‍ 1-1 സമനിലയില്‍ പിടിച്ചു കെട്ടി. അതിനിടെ 39 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലിഷ് ക്ലബ്ബ് വോള്‍വ്‌സ് യൂറോപ്പില്‍ തങ്ങളുടെ ആദ്യ ജയം നേടി. തുര്‍ക്കിഷ് ക്ലബ്ബ് ബെസികാസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വോള്‍വ്‌സ് തോല്‍പ്പിച്ചത്. വില്ലി ബോളി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് വോള്‍വ്‌സിന് ആദ്യ ജയമൊരുക്കിയത്.