യൂറോ കപ്പില്‍ ഇന്ന് ഫൈനലിനെ വെല്ലും പോരാട്ടങ്ങള്‍

Update: 2024-07-05 07:13 GMT

മ്യൂണിക്ക്: യൂറോ കപ്പില്‍ ഇന്ന് ഫൈനലിനെ വെല്ലുന്ന പോരാട്ടങ്ങള്‍. ക്വാര്‍ട്ടറില്‍ കരുത്തന്‍മാരായ സ്‌പെയിന്‍ ആതിഥേയരായ ജര്‍മ്മനിയെ നേരിടുമ്പോള്‍ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും. ആദ്യ മല്‍സരം രാത്രി 9.30നും രണ്ടാമത്തെ മല്‍സരം അര്‍ദ്ധരാത്രി 12.30നാണ്. എല്ലാ മല്‍സരങ്ങളും ജയിച്ചാണ് സ്‌പെയിനിന്റെ വരവ്. സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ നവാഗതരായ ജോര്‍ജിയയെ തകര്‍ത്തപ്പോള്‍ ഡെന്‍മാര്‍ക്കിനെ രണ്ട് ഗോളിന് മറികടന്നാണ് ജര്‍മനിയെത്തുന്നത്. കിലിയന്‍ എംബാപ്പേയുടെ ഫ്രാന്‍സും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ തലമുറകളുടെ പോരാട്ടം കൂടിയാണ് നടക്കുക. റോണോയുടെ അവസാന യൂറോ കപ്പാണിത്.

ഫ്രാന്‍സ് സെല്‍ഫ് ഗോളില്‍ ബെല്‍ജിയത്തിനോട് രക്ഷപ്പെട്ടപ്പോള്‍ സ്ലോവേനിയയോട് ഷൂട്ടൗട്ടില്‍ രക്ഷപ്പെട്ടാണ് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.സ്ലൊവേനിയക്കെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മത്സരത്തിനിടെ ലഭിച്ച പെനല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തിരുന്നു. എന്നാാല്‍ ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്ത റൊണാള്‍ഡോ ലക്ഷ്യം കണ്ടു. കിലിയന്‍ എംബാപ്പെയാകട്ടെ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടിയത്. സ്‌പെയിനിന്റെ 16കാരന്‍ ലാമിന്‍ യമാലും ജര്‍മ്മനിയുടെ 21 കാരനായ ജമാല്‍ മുസിയാലയും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്.










Tags:    

Similar News