യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്‍
പാരിസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്‍. രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ മുപ്പത്തിമൂന്നുകാരന്‍, 44 ഗോളുകളാണ് സ്വന്തംപേരില്‍ ചേര്‍ത്തത്. നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ്. ഗോളുകളിലോ മുന്നേറ്റത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന കരിയറായിരുന്നില്ല ഗ്രീസ്മാന്റേത്. ആക്രമണത്തിലും പ്രതിരോധത്തിലും വീറുറ്റ പ്രകടനം കാഴ്ചവെച്ച താരം, മികച്ച പ്ലേമേക്കറായിരുന്നു.
''ഓര്‍മ്മകള്‍ നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ എന്റെ ജീവിതത്തിലെ ഈ അധ്യായം അവസാനിപ്പിക്കുന്നത്. ഈ ഗംഭീരമായ ത്രിവര്‍ണ്ണ സാഹസികതയ്ക്ക് നന്ദി, ഉടന്‍ തന്നെ കാണാം-'' ഫ്രാന്‍സിനായി 137 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച 2018 ലോകകപ്പ് ജേതാവ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഫ്രാന്‍സിനായി താരം 44 ഗോളുകള്‍ നേടി. ഫ്രാന്‍സ് ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ഫൈനലില്‍ താരം ഗോള്‍ നേടിയിരുന്നു.
2021ലെ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടിയ ഫ്രഞ്ച് ടീമിലും താരം അംഗമായിരുന്നു. അണ്ടര്‍-19, അണ്ടര്‍-20, അണ്ടര്‍-21 തലങ്ങളില്‍ ഫ്രാന്‍സിനായി കളിച്ച ഗ്രീസ്മാന്‍, 2014 മാര്‍ച്ച് 5-ന് നെതര്‍ലാന്‍ഡിനെതിരായ സൗഹൃദ മത്സരത്തില്‍ 68 മിനിറ്റ് കളിച്ചാണ്് താരം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്.