സമനില തെറ്റാതെ ഗോകുലം
സീസണില്‍ ഗോകുലത്തിന്റെ ആദ്യ എവേ മല്‍സരത്തിലാണ് ടീം സമനില നേരിട്ടത്.
ഇംഫാല്‍: ഐലീഗിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സമനില സ്വന്തമാക്കി ഗോകുലം കേരള എഫ് സി. സീസണില്‍ ഗോകുലത്തിന്റെ ആദ്യ എവേ മല്‍സരത്തിലാണ് ടീം സമനില നേരിട്ടത്. ആദ്യ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപായ നെരോക്ക എഫ് സിക്കെതിരേയാണ് ഇത്തവണ ഗോകുലം സമനിലയോടെ ബൂട്ടഴിച്ചത്. ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് ഒരു പോയിന്റുമായി കളം പിരിഞ്ഞു. വിജയിച്ചാല്‍ ലീഗ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാമായിരുന്ന അവസരമാണ് ഗോകുലം തുലച്ചത്.
ഗോകുലത്തിനായി പകരക്കാരനായിറങ്ങിയ മുന്‍ ചെന്നൈയിന്‍ എഫ് സി താരം ബോറിന്‍ദാവോ ബോഡോ ഗോള്‍ നേടിയപ്പോള്‍ ഇക്വറ്റോറിയല്‍ ഗിനിയന്‍ താരം എഡ്വാര്‍ഡോ സോറസ് ഫെരേരയുടെ വകയാണ് നെരോക്കയുടെ ഗോള്‍ വീണത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷം ഗോകുലം സമനില വഴങ്ങുകയായിരുന്നു. നേരത്തെ മോഹന്‍ ബഗാനെതിരെയുള്ള ആദ്യ ഐലീഗ് മല്‍സരത്തിലും ഗോകുലം സമനില പിടിച്ചിരുന്നു. സമനില വഴങ്ങിയതോടെ രണ്ട് കളികളില്‍ നിന്ന് രണ്ട് പോയന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്തെത്തി. ആദ്യ മല്‍സരം പരാജയപ്പെട്ട നെരോക്ക ഒമ്പതാം സ്ഥാനത്താണ്.
കഴിഞ്ഞ മല്‍സരത്തില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് ഗോകുലം ഇന്ന് ഇറങ്ങിയത്. ബഗാനെതിരേ ആദ്യ ഇലവനില്‍ ഉണ്ടായിരുന്ന സല്‍മാനെയും അര്‍ജുന്‍ ജയരാജിനെയും ബെഞ്ചിലിരുത്തിയപ്പോള്‍ കഴിഞ്ഞ മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയ രാജേഷിന് ആദ്യ ഇലവനില്‍ തന്നെ ഇറക്കി കളിപ്പിച്ചു.
മണിപ്പൂരിലെ ഖുമന്‍ ലാംപാക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോകുലമാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും പലതും പ്രതിരോധനിരയുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കേരളം കാത്തിരുന്ന ഗോള്‍ പിറന്നു. 35ാം മിനിറ്റില്‍ റാഷിദിന് പകരമായിറങ്ങിയ ബോറിന്‍ദാവോ ബോഡോയാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. മലയാളി താരം എസ് രാജേഷിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍നേട്ടം.
ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയ കേരള ടീമിന് നെരോക്ക 15 മിനിറ്റുകള്‍ക്കകം മറുപടി നല്‍കി. ബ്രസീല്‍ വംശജനായ പ്രതിരോധതാരം എഡ്വാര്‍ഡോ ഫെരേരയായിരുന്നു നെറോക്കയ്ക്ക് സമനില സമ്മാനിച്ചത്. അവസാന നിമിഷങ്ങളില്‍ വിജയഗോളിനായി ഗോകുലം പൊരുതിയെങ്കിലും നെറോക്ക ഗോളി തടസമായിനിന്നു.