ഗോകുലത്തിന് ആദ്യ തോല്‍വി

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്ത് നടന്ന ഐ ലീഗ് ഫുട്‌ബോളിന്റെ ആവേശപ്പോരാട്ടത്തിനൊടുവില്‍ ചെന്നൈ സിറ്റിക്ക് മുമ്പില്‍ ഗോകുലം കേരള എഫ്‌സി പൊരുതിത്തോറ്റു. മൂന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി.

Update: 2018-11-05 07:18 GMT

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്ത് നടന്ന ഐ ലീഗ് ഫുട്‌ബോളിന്റെ ആവേശപ്പോരാട്ടത്തിനൊടുവില്‍ ചെന്നൈ സിറ്റിക്ക് മുമ്പില്‍ ഗോകുലം കേരള എഫ്‌സി പൊരുതിത്തോറ്റു. മൂന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി.

പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ തന്നെ ആതിഥേയര്‍ക്ക് വേണ്ടി അന്റോണിയോ ജെര്‍മന്‍ കളിയിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍, പ്രവിറ്റോ രാജു, പെഡ്രോ യാവിയര്‍ മാന്‍സി, അമീറുദ്ദീന്‍ മുഹ്യുദ്ദീന്‍ എന്നിവര്‍ ചെന്നൈയെ മുമ്പിലെത്തിച്ചു. 70ാം മിനിറ്റില്‍ വി പി സുഹൈര്‍ ഗോള്‍ നേടിയെങ്കിലും പിന്നീട് ഗോള്‍ നേടാന്‍ കഴിയാത്തതോടെ ടീം തോല്‍വി ഏറ്റുവാങ്ങി.

മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. രണ്ടാം മിനിറ്റില്‍ അര്‍ജുന്‍ ബൈസിക്കിള്‍ കിക്കിലൂടെ ഗോളടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാസ്ട്രോയെ ചെന്നൈയുടെ ഡിഫന്‍ഡര്‍ റോബര്‍ട്ടോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഗോകുലത്തിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. ഇത് അന്റോണിയോ ജെര്‍മന്‍ വലയില്‍ എത്തിച്ചതോടെ ഗോകുലം ടീം ആവേശത്തിന്റെ നെറുകയിലെത്തി. 22-ാം മിനിറ്റില്‍ ചെന്നൈ തിരിച്ചടിച്ചു. പ്രവിറ്റോ രാജുവാണ് ഗോകുലത്തിന്റെ വല കുലുക്കിയത്. നെസ്റ്റര്‍ ജീസസിന്റെ ഷോട്ട് ഗോളി തട്ടി നേരെ രാജുവിന്റെ കാലിലെത്തിയപ്പോള്‍ രാജു അത് ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തുവിടുകയായിരുന്നു. മിനിറ്റുകള്‍ക്കകം തന്നെ ചെന്നൈ അടുത്ത ഗോള്‍ നേടി ലീഡിലെത്തി. 31ാം മിനിറ്റില്‍ ഗോകുലത്തിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് പെഡ്രോ യാവിയര്‍ മാന്‍സിയാണ് ലക്ഷ്യം കണ്ടത്.

പിന്നീട് 68ാം മിനിറ്റില്‍ അമീറുദ്ദീന്‍ മുഹ്യുദ്ദീന്‍ ചെന്നൈക്ക് വേണ്ടി വീണ്ടും വല കുലുക്കി. അടുത്ത മിനിറ്റില്‍ തന്നെ മലയാളി താരം വി പി സുഹൈര്‍ ഗോകുലത്തിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. 89ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ മുഡ്ഡെ മൂസെയുടെ ഗോള്‍ശ്രകമം പോസ്റ്റില്‍ തട്ടി പുറത്ത് പോയത് അവിശ്വസനീയമായാണ് കായിക പ്രേമിയകള്‍ കണ്ടത്.


അവസാന മിനിറ്റില്‍ മല്‍സരം പരുക്കന്‍ കളിയിലേക്ക് നീങ്ങി.ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ അനാവശ്യഫൗളിന് ഗോകുലം ക്യാപ്റ്റന്‍ മുഡ്ഡെ മൂസ ചുവപ്പ് കാര്‍ഡ് വഴങ്ങി. പിന്നീട് സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ച ഗോകുലത്തിന് പരാജയത്തോടെ ബൂട്ടഴിക്കേണ്ടി വന്നു. ഗോകുലത്തിന്റെ ആദ്യ തോല്‍വിയാണിത്. നിലവില്‍ ആറാം സ്ഥാനത്താണ് ഗോകുലം. അതേസമയം, ജയത്തോടെ ചെന്നൈ ഏഴു പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.




Tags:    

Similar News