ഐ ലീഗ് ഫുട്‌ബോള്‍: ഗോകുലം എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

Update: 2018-11-12 10:59 GMT

കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് സ്വന്തംകട്ടകത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഷില്ലോങ് ലജോങ് എഫ്‌സിയെ കീഴടക്കിയാണ് ഐ ലീഗില്‍ സീസണിലെ ആദ്യജയം ഗോകുലം സ്വന്തമാക്കിയത്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശ പോരാട്ടത്തില്‍ മലയാളിതാരങ്ങളായ ഗനി അഹമ്മദ് നിഗം, എസ് രാജേഷ്, വിദേശതാരം അന്റോണിയോ ജര്‍മെന്‍ എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യംകണ്ടത്. യുവതാരം ഫ്രാന്‍കി ബുവം ലജോങ്ങിനായി ആശ്വാസഗോള്‍ നേടി.

43ാം മിനിറ്റില്‍ ഗനി അഹമ്മദ് നിഗമിലൂടെയാണ് ഗോകുലം ആദ്യ ഗോള്‍ നേടിയത്. 56ാം മിനിറ്റില്‍ അന്റോണിയോ ജെര്‍മന്‍ ഷില്ലോങ്ങിന്റെ ഗോള്‍വല കുലുക്കിയതോടെ ഗോകുലം ഫോമിലേക്കുയര്‍ന്നു. 66ാം മിനിറ്റില്‍ രാജേഷിന്റെ മനോഹര ഗോളിലൂടെ ഗോകുലം ലീഡ് മൂന്നാക്കി. ഗനിയുടെ ക്രോസില്‍ നിന്നായിരുന്നു രാജേഷിന്റെ ഗോള്‍. പിന്നീട് 78ാം മിനിറ്റില്‍ ഷില്ലോങ് ഒരു ഗോള്‍ തിരിച്ചടിച്ചു.

ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നാദാപുരത്തുകാരന്‍ ഗനി അഹമ്മദ് നിഗമാണ് കളിയിലെ താരം.സീസണില്‍ ആദ്യമായി മുന്നേറ്റവും പ്രതിരോധനിരയും ഒത്തിണക്കം കാണിച്ച മത്സരത്തില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ അരഡസണ്‍ ഗോളിനെങ്കിലും ഗോകുലം ജയിക്കുമായിരുന്നു. കളിയുടെ തുടക്കത്തില്‍ മുന്നേറികളിച്ച മേഘാലയന്‍ ക്ലബ് പിന്നീടങ്ങോട്ട് കേരളത്തിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഗോകുലത്തിന്റെ ബ്രസീലിയന്‍ താരം ഗില്ലെര്‍മ്മെ കാസ്‌ട്രോയുടെ ഫ്രീകിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ പന്ത് ലജോങ് ഡിഫെന്‍ഡര്‍മാരുടെ ശരീരത്തില്‍ തട്ടി ഗനി നിഗത്തിന് മുന്നിലേക്കാണ് എത്തിയത്. ചെസ്റ്റില്‍ പന്ത് സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ യുവതാരം ഗോളിയെ കബളിപ്പിച്ച് പന്ത് വലക്കുള്ളിലാക്കി. വി പി സുഹൈര്‍-രാജേഷ്-ജര്‍മെയ്ന്‍ ത്രയത്തിന് ആദ്യപകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തുകയായിരുന്നു. അന്റോണിയോ ജര്‍മെയ്ന്‍ എന്ന പ്രതിഭക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണ് രണ്ടാംഗോള്‍. കാസ്‌ട്രോയെടുത്ത വലതുവശത്തെ ഷോര്‍ട്ട് കോര്‍ണര്‍ സ്വീകരിച്ച ജര്‍മെയ്ന്‍ ബോക്‌സിന് അല്‍പ്പം പുറത്തുനിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധതാരങ്ങളുടെ ദേഹത്ത് തട്ടി പോസ്റ്റിനുള്ളിലെത്തി. മലയാളി പ്രതിഭാ സ്പര്‍ശമുള്ളതാണ് ഗോകുലത്തിന്റെ മൂന്നാംഗോള്‍. ലെഫ്റ്റ് വിങിലൂടെ ഷില്ലോങ് താരങ്ങളെ വെട്ടിച്ച് പന്തുമായി മുന്നേറിയ ഗനി നിഗം ബോക്‌സിനുള്ളില്‍ വച്ച് കൃത്യമായി ചെത്തിമിനുക്കി നല്‍കിയ പാസ് മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന രാജേഷ് ഫഌയിങ് കിക്കിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു.

മൂന്ന് ഗോള്‍ വഴങ്ങിയതോടെ അവസാനമിനിറ്റുകളില്‍ ഷില്ലോങ് ഗോകുലം ബോക്‌സില്‍ നിരന്തരം ഭീഷണി സൃഷ്ടിച്ചു. എന്നാല്‍ ക്യാപ്റ്റനായി ഇന്നലെ സ്ഥാനകയറ്റം ലഭിച്ച ഗോള്‍കീപ്പര്‍ കോഴിക്കോട്ടുകാരന്‍ ഷിബിന്‍രാജിന്റെ ഉജ്വലഫോം ലജോങ്ങിന് ഭീഷണിയായി. ഇഞ്ചുറി ടൈമില്‍ ഗുറങ്ങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഷില്ലോങ് പരാജയമുറപ്പിച്ചു. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റോടെ ഗോകുലം കേരള മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. മൂന്ന് പോയന്റുള്ള ലജോങ് പത്താംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഐ ലീഗിലെ മറ്റൊരു മല്‍സരത്തില്‍ റിയല്‍ കശ്മീരിനെ നെരോക്ക 2-0ന് തോല്‍പിച്ചു. നൈജീരിയന്‍ താരം ഒഡീലി ചിഡിയാണ് രണ്ടു ഗോളുകളും നേടിയത്. 28, 74 മിനിറ്റുകളിലായിരുന്നു ഗോള്‍.




Tags:    

Similar News