ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ ബഗാന് മുന്നില്‍ വീണ് ബ്ലാസ്‌റ്റേഴ്‌സ്

Update: 2024-03-13 17:38 GMT

കൊച്ചി: ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടന്ന സൂപ്പര്‍ ത്രില്ലറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനോട് പരാജയപ്പെട്ടു. മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പിറകിലായി. കളിയുടെ അഞ്ചാം മിനിറ്റില്‍ അര്‍മാന്ദോ സദികു ആണ് മോഹന്‍ ബഗാന് ലീഡ് നല്‍കിയത്. പ്രിതം കോട്ടാലിന്റെ ഒരു മിസ് ജഡ്ജ്മന്റാണ് ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സ് ആ ഗോള്‍ വഴങ്ങാന്‍ കാരണം. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട ഫുട്‌ബോള്‍ കാഴ്ചവെച്ചു എങ്കിലും നല്ല അവസരം പിറന്നില്ല.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് അറ്റാക്കിന് മൂര്‍ച്ച കൂട്ടി. 54ാം മിനിറ്റില്‍ വിബിന്‍ മോഹനന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. രാഹുലിന്റെ അസിസ്റ്റില്‍ നിന്ന് ഒരു മനോഹരമായ ഫിനിഷിലൂടെ ആണ് വിബിന്‍ ഗോള്‍ കണ്ടെത്തിയത്. പക്ഷെ സമനില നീണ്ടു നിന്നില്ല. 60ാം മിനിറ്റില്‍ സദികുവിലൂടെ മോഹന്‍ ബഗാന്‍ വീണ്ടും ലീഡ് എടുത്തു. സെറ്റ് പീസിലെ മോശം ഡിഫന്‍ഡിംഗ് ആയിരുന്നു ഈ ഗോളിന് കാരണം.

വീണ്ടും ബ്ലാസ്റ്റേഴ്‌സ് പൊരുതി 63ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഒപ്പം എത്തി. ഇത്തവണ ഒരു അര്‍ധാവസരം തന്റെ സ്വന്തം പ്രയത്‌നത്തിലൂടെ ദിമി ഗോളാക്കി മാറ്റുക ആയിരുന്നു. ദിമിയുടെ 11ാം ഗോളായിരുന്നു ഇത്. ഇത്തവണയും സമനില നീണ്ടു നിന്നില്ല. 68ാം മിനിറ്റില്‍ വീണ്ടും ബഗാന്‍ മുന്നില്‍. ഇത്തവണ ഒരു ഫ്രീ ഹെഡറിലൂടെ ദീപക് താങ്ക്രി ആണ് ബഗാനായി ഗോള്‍ നേടിയത്. സ്‌കോര്‍ 2-3. ഇതിനു ശേഷം ബ്ലാസ്റ്റേഴ്‌സും തളര്‍ന്നു. മോഹന്‍ ബഗാന്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും കാണാന്‍ ആയി. അവസാനം ഇഞ്ചുറി ടൈമില്‍ കമ്മിംഗ്‌സിലൂടെ ബഗാന്‍ നാലാം ഗോള്‍ നേടി. 98ാം മിനുട്ടില്‍ ദിമി വീണ്ടും ഗോള്‍ നേടി സ്‌കോര്‍ 3-4 എന്നാക്കി. ഈ പരാജയത്തോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമത് തന്നെ നില്‍ക്കുകയാണ്. 18 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 39 പോയിന്റുള്ള മോഹന്‍ ബഗാന്‍ രണ്ടാമതാണ്.





Tags:    

Similar News