ഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്‌സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട് സമനില
ലഖ്നൗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില. എവേ മൈതാനത്ത് പ്രധാന താരങ്ങളുടെ അഭാവത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ജെംഷഡ്പുര്‍ എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ 45-ാം മിനിറ്റില്‍ ജാവിയര്‍ സിവെറിയോയിലൂടെ ജെംഷഡ്പുര്‍ സമനില പിടിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും എടുത്തുപറയേണ്ടതാണ്.
ഇന്‍ജുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് താരം ഡിയാമാന്റക്കോസിന്റെ ഗോളെന്നുറച്ച ഷോട്ട് വലത്തോട്ട് ഡൈവ് ചെയ്ത് ടി പി രഹനേഷ് രക്ഷിക്കുകയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയ ആക്രമണത്തില്‍ സ്റ്റെവാനോവിച്ചിന്റെ ഷോട്ട് തടഞ്ഞ് കരണ്‍ജിത്തും ടീമിന്റെ രക്ഷകനായി. സമനിലയോടെ ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. 19 കളികളില്‍ നിന്ന് 30 പോയന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് കൂടെ നേടിയാന്‍ ഔദ്യോഗികമായി ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. മറുവശത്ത് 20 കളികളില്‍ നിന്ന് 21 പോയന്റുള്ള ജെംഷഡ്പുരിന് പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള രണ്ട് കളികള്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലം കൂടി കാത്തിരിക്കണം.