ലോകകപ്പ് യോഗ്യത; ഇന്ത്യന്‍ ടീം ദോഹയിലെത്തി
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ്.
ദോഹ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കും എഎഫ്‌സി ഏഷ്യാ കപ്പ് 2023 യോഗ്യതാ മല്‍സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീം ദോഹയിലെത്തി. സ്‌പോര്‍ട്ടിങ് സ്റ്റാഫും 28 കളിക്കാരുമാണ് ദോഹയിലെത്തിയത്. കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയ താരങ്ങളുടെ ഫലം വന്നാല്‍ ഉടന്‍ പരിശീലന ക്യാംപ് തുടരും. നേരത്തെ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഖത്തര്‍ എഫ് എ ഇതിന് ഇളവ് നല്‍കിയിട്ടുണ്ട്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ്. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. രണ്ടാം മല്‍സരം ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെതിരേയും മൂന്നാം മല്‍സരം ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനെതിരേയുമാണ് . മൂന്ന് മല്‍സരങ്ങളും ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കും.
കഴിഞ്ഞ ദിവസമാണ് കോച്ച് സ്റ്റിമച്ച് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗ്ലാന്‍ മാര്‍ട്ടിന്‍സാണ് ടീമിലെ പുതുമുഖ താരം. സന്ദേശ് ജിങ്കന്‍, അനിരുദ്ധ് ഥാപ്പ, യാസിര്‍ മുഹമ്മദ് എന്നിവരും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.