സാഞ്ചോയ്ക്കായി വലവീശി ലിവര്‍പൂളും ചെല്‍സിയും യുനൈറ്റഡും
താരത്തിനായി 120 മില്ല്യണ്‍ യൂറോ ആവശ്യപ്പെടാനാണ് ഡോര്‍ട്ട്മുണ്ടിന്റെ ആലോചന
ബെര്‍ലിന്‍: ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പര്‍ താരം ജെയ്ഡന്‍ സാഞ്ചോയ്ക്കായി പ്രമുഖ ക്ലബ്ബുകള്‍ രംഗത്ത്. സമ്മര്‍ ട്രാന്‍സ്ഫറില്‍ സാഞ്ചോയ്ക്കായി ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നിവരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട് താരമായ സാഞ്ചോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 2017ലാണ് ജര്‍മന്‍ ക്ലബ്ബായ ഡോര്‍ട്ട്മുണ്ടില്‍ എത്തിയത്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ചെല്‍സിയും താരത്തിനായി മുന്നോട്ടുവന്നിരുന്നു. അന്ന് നടക്കാതെ പോയ ഉദ്യമം ഇത്തവണ നടത്താനാണ് കോച്ച് ലംബാര്‍ഡിന്റെ ലക്ഷ്യം. ലിവര്‍പൂള്‍ കോച്ച് ജുര്‍ഗാന്‍ ക്ലോപ്പും ഇത്തവണ സാഞ്ചോയെ ഏതുവിധേനയും ടീമിലെത്തിക്കാനുള്ള ശ്രമമാണ്. താരത്തിനായി 120 മില്ല്യണ്‍ യൂറോ ആവശ്യപ്പെടാനാണ് ഡോര്‍ട്ട്മുണ്ടിന്റെ ആലോചന. കഴിഞ്ഞ തവണ താരത്തിനായിറങ്ങിയ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇത്തവണയും സാഞ്ചോയ്ക്കായി ഇറങ്ങുന്നതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഏത് ക്ലബ്ബിലേക്ക് പോവാനാണ് തനിക്ക് ആഗ്രഹമെന്ന് സാഞ്ചോ വെളിപ്പെടുത്തിയിട്ടില്ല. കൊറോണയെ തുടര്‍ന്ന് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ലോകത്തെ എല്ലാ ക്ലബ്ബുകളും സാമ്പത്തിക മാന്ദ്യത്തിലാണ്. ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെട്ട തുക നല്‍കാന്‍ ഏത് ടീമിനാവുമെന്ന് വരും ദിനങ്ങളില്‍ അറിയാം.