ജീസസ് ഡബിളില്‍ ബ്രസീല്‍; മെസ്സിയില്ലാതെ അര്‍ജന്റീനയ്ക്ക് ജയം
ജീസസിന്റെ ഇരട്ടഗോള്‍ ബ്രസീലിന് തുണയായി. 37ാം മിനിറ്റില്‍ പവേല്‍ക്കായിലൂടെ ചെക്കാണ് മുന്നിലെത്തിയത്.
സാവോപോളോ: പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ താരങ്ങളായ റോബെര്‍ട്ടോ ഫിര്‍മിനോയും ഗബ്രിയേല്‍ ജീസസും നിറഞ്ഞു കളിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ബ്രസീലീന് ജയം. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന മൊറാക്കോയ്‌ക്കെതിരേ വിജയം കണ്ടു. ഒരു ഗോളിന് പിന്നിട്ട ശേഷമാണ് ടിറ്റെയുടെ കുട്ടികള്‍ വമ്പന്‍ തിരിച്ചുവരവിലൂടെ ചെക്കിനെതിരേ ജയിച്ചത്. ജീസസിന്റെ ഇരട്ടഗോള്‍ ബ്രസീലിന് തുണയായി. 37ാം മിനിറ്റില്‍ പവേല്‍ക്കായിലൂടെ ചെക്കാണ് മുന്നിലെത്തിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ താരം ഫിര്‍മിനൊ 49ാം മിനിറ്റില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടി സമനില പിടിച്ചു. തുടര്‍ന്നുള്ള രണ്ടു ഗോളുകള്‍ ഗബ്രിയേല്‍ ജീസസിന്റെ വക 83, 90 മിനിറ്റുകളിലായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ പാനമയ്‌ക്കെതിരേ ബ്രസീല്‍ സമനില പിടിച്ചിരുന്നു.
ലയണല്‍ മെസ്സിയില്ലാതെ മൊറാക്കോയ്‌ക്കെതിരേ ഇറങ്ങിയ അര്‍ജന്റീന 1-0ന് ജയിച്ചു. ഏയ്ഞ്ചല്‍ കൊറസ് 83ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. പൗളോ ഡിബല്ലയാണ് മെസ്സിക്ക് പകരം ടീമിനെ നയിച്ചത്. വെനസ്വേലയ്‌ക്കെതിരേ അര്‍ജന്റീന 3-1നാണ് കഴിഞ്ഞ മല്‍സരത്തില്‍ തോറ്റത്.
മറ്റ് മല്‍സരങ്ങളില്‍ ജപ്പാന്‍ ബൊളീവിയയെയും(1-0), ദക്ഷിണകൊറിയ കൊളംബിയയെയും(2-1), ഐവറികോസ്റ്റ് ലൈബീരിയയെയും(1-0), നൈജീരിയ ഈജിപ്തിനെയും(1-0), സെനഗല്‍ മാലിയെയും(2-1), അല്‍ജീരിയ തുണീസ്യയെയും(1-0), എസ്‌തോണിയ ജിബ്രാള്‍ട്ടറിനെയും (1-0) തോല്‍പ്പിച്ചു. ചിലി-അമേരിക്ക മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു.