പാരിസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്‌ബെയ്ക്കായി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വന്‍ മല്‍സരം നടക്കുന്നു. ഒരു വശത്ത് യുനൈറ്റഡ് പോഗ്‌ബെയെ അവിടെ തന്നെ നിലനിര്‍ത്താനുള്ള മല്‍സരം നടത്തുമ്പോള്‍ പോഗ്‌ബെയുടെ മുന്‍ ക്ലബ്ബായ യുവന്റസും തന്റെ ഇഷ്ട ക്ലബ്ബായ റയല്‍ മാഡ്രിഡുമാണ് മറുവശത്തുമുള്ളത്. 90 മില്ല്യണ്‍ തുകയ്ക്കാണ് പോഗ്‌ബെ യുവന്റസില്‍ നിന്നും യുനൈറ്റഡില്‍ എത്തിയത്.
കഴിഞ്ഞ സീസണില്‍ യുനൈറ്റഡിന്റെ മികച്ച ഗോള്‍ സ്‌കോററായ പോഗ്‌ബെ ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമുണ്ടെന്നും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനിഷ്ടമാണെന്നും വ്യക്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡില്‍ കളിക്കുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ഫ്രഞ്ച് താരം നേരത്തെ പറഞ്ഞിരുന്നു.
റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ പോഗ്‌ബെയെ ടീമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ റയല്‍ താരത്തിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുവന്റസും പോഗ്‌ബെയ്ക്കായി വലവിരിച്ചിട്ടുണ്ട്. അതിനിടെ പോഗ്‌ബെയെ വില്‍ക്കുകയാണെങ്കില്‍ 150 മില്ല്യണാണ് യുനൈറ്റഡ് ആവശ്യപ്പെടുന്നത്. എന്നാല്‍ താരം ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ ആഴ്ചയില്‍ 500 പൗണ്ട് വച്ച് നല്‍കാമെന്ന് യുനൈറ്റഡ് അറിയിച്ചിട്ടുണ്ട്. യുവന്റസ് താരത്തിനായി 140 മില്ല്യണ്‍ യൂറോയാണ് വിലപറയുന്നത്.