ടോട്ടന്‍ഹാം: ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന്റെ (സ്പര്‍സ്) വമ്പന്‍ തിരിച്ചുവരവ്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ടോട്ടന്‍ഹാം ഇന്ന് ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയമാണ് നേടിയത്. സെര്‍ബിയന്‍ ക്ലബ്ബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സ്പര്‍സ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ഹാരി കെയ്‌നും (9, 72), സണ്‍ ഹേങ് മിന്‍(16, 44) എന്നിവര്‍ ഇരട്ട ഗോള്‍ നേടി. എറിക് ലമേലയാണ് (57) ഒരു ഗോള്‍ നേടിയത്. അര്‍ജന്റീനന്‍ താരമായ ലമേലയാണ് സണ്ണിന്റെയും കെയ്‌നിന്റെ ഗോളുകള്‍ വഴിയൊരുക്കിയത്. കഴിഞ്ഞ മല്‍സരത്തില്‍ ബയേണിനോട് 7-2ന്റെ തോല്‍വിയാണ് സ്പര്‍സ് ഏറ്റുവാങ്ങിയിരുന്നത്. ജയത്തോടെ സ്പര്‍സ് ഗ്രൂപ്പില്‍ രണ്ടാമതെത്തി.
ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ലെവന്‍ഡോവസ്‌കിയുടെ ഇരട്ട ഗോള്‍ മികവില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് ഗ്രീക്ക് ക്ലബ്ബായ ഒളിംപിയാക്കോസിനെ 3-2ന് തോല്‍പ്പിച്ചു. ജയത്തോടെ ഗ്രൂപ്പില്‍ ബയേണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 34, 62 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവസ്‌കിയുടെ ഗോളുകള്‍. ടോലിസ്സോ(75)യാണ് ബയേണിന്റെ മൂന്നാം ഗോള്‍ നേടിയത്.
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 78ാം മിനിറ്റിലെ മൊറാട്ടയുടെ ഒരു ഗോളാണ് മാഡ്രിഡിന് ജയമൊരുക്കിയത്. ജയത്തോടെ മാഡ്രിഡ് യുവന്റസിന് താഴെ രണ്ടാം സ്ഥാനത്തെത്തി.