പക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്‍മാര്‍ തുടങ്ങി
കൊച്ചി: കഴിഞ്ഞ സീസണില്‍ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കൊണ്ട് ഐഎസ്എല്ലില്‍ ഗംഭീര തുടക്കവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന ഐഎസ്എല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയെ 2-1നാണ് കൊമ്പന്‍മാര്‍ തകര്‍ത്തത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് മഞ്ഞപ്പടയ്ക്കായി 69ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തത്. ആദ്യ ഗോള്‍ ബെംഗളൂരുവിന്റെ കെസിയ വീന്‍ഡോര്‍പിന്റെ സെല്‍ഫ് ഗോളായിരുന്നു.
ആദ്യ പകുതിയില്‍ തീര്‍ത്തും മഞ്ഞപ്പടയുടെ ആധിപത്യമായിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ കൊമ്പന്‍മാര്‍ നിറഞ്ഞാടി. തകര്‍ത്ത് പെയ്ത മഴയ്‌ക്കൊപ്പം മല്‍സരവും ആവേശകരമായിരുന്നു. ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ആക്രമണം പുറത്തെടുത്തു. 52ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വീണത്. കോര്‍ണര്‍ കിക്ക് കെസിയയുടെ തലയിലിടച്ച് വലയില്‍ വീഴുകയായിരുന്നു.
69ാം മിനിറ്റില്‍ ബെംഗളൂരൂ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവ് ബ്ലാസ്റ്റേഴ്‌സിന് തുണയാവുകയായിരുന്നു. പ്രതിരോധതാരം നല്‍കിയ മൈനസ് പാസ് സ്വീകരിക്കുന്നതില്‍ ഗുര്‍പ്രീതിന് പിഴച്ചു. അനായാസം പന്ത് റാഞ്ചിയ ലൂണ ലക്ഷ്യം കണ്ടു. 89ാം മിനിറ്റിലാണ് കര്‍ട്ടിസ് മെയ്‌നിലൂടെ സന്ദര്‍ശകര്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ പ്രതിരോധത്തിന് ശ്രദ്ധ കൊടുത്ത് മഞ്ഞപ്പട ജയം സ്വന്തമാക്കി.