സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്‌സ കൊച്ചിക്ക് തോല്‍വി
കൊച്ചിക്കു ലഭിച്ച ഒരേയൊരു സുവര്‍ണാവസരം തുനീസിയന്‍ താരം സിരി ഒമ്രാന്‍ പാഴാക്കി.
കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ലീഗിന് ആവേശതുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഫുട്‌ബോളിന്റെ പറുദ്ദീസയായ മലപ്പുറത്തിന് ആദ്യ ജയം. ഫോഴ്‌സ കൊച്ചി എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് മലപ്പുറം വീഴ്ത്തി. മലപ്പുറത്തിനായി മാന്‍സിയും (3ാം മിനിറ്റ്), ഫസലുറഹ്‌മാനും (39) ഗോള്‍ നേടി. കൊച്ചിക്കു ലഭിച്ച ഒരേയൊരു സുവര്‍ണാവസരം തുനീസിയന്‍ താരം സിരി ഒമ്രാന്‍ പാഴാക്കി.
കൂടുതല്‍ സംഘടിതമായി കളിച്ചതും മലപ്പുറമാണ്. വിഖ്യാത ഇംഗ്ലിഷ് കോച്ച് ജോണ്‍ ഗ്രിഗറിയുടെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ ടീമിലാകട്ടെ, പരിചയ സമ്പന്നരായ വിദേശ, ഇന്ത്യന്‍ താരങ്ങളുടെ കളിമിടുക്കും പ്രകടമായി. പ്രത്യേകിച്ചും, ഒരു ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത സ്പാനിഷ് താരം പെഡ്രോ മാന്‍സിയും കളിയാസൂത്രകന്‍ ഹൊസേബ ബെറ്റിയയും.
താരതമ്യേന യുവതാരങ്ങള്‍ നിറഞ്ഞ കൊച്ചി, കളിയുടെ തുടക്കത്തില്‍ തന്നെ പിന്നിലായി. പിന്നീടൊരിക്കലും തിരിച്ചുവരാനുമായില്ല. പുതിയ ടീമായതിന്റെ ഒത്തിണക്കക്കുറവും കൊച്ചിയില്‍ പ്രകടമായിരുന്നു.പരിചയസമ്പന്നനായ ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്റ്റോയ്ക്കു ടീമിനു വഴി തെളിക്കാനും കഴിഞ്ഞില്ല.