പ്രീമിയര്‍ ലീഗില്‍ വീണ്ടും കൊവിഡ് വില്ലനാവുന്നു; ടോട്ടന്‍ഹാം -ലെസ്റ്റര്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു
നപ്പോളിയ്‌ക്കെതിരായ ഇന്നത്തെ യൂറോപ്പാ ലീഗ് മല്‍സരത്തില്‍ മാറ്റമില്ല.
ലണ്ടന്‍:ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വില്ലനാവുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ടോട്ടന്‍ഹാം, ലെസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകളുടെ നിരവധി താരങ്ങള്‍ക്കും സ്‌പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ടോട്ടന്‍ഹാമിന്റെ 13 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ എട്ട് പേര്‍ ടീമിലെ സീനിയര്‍ താരങ്ങളാണ്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. അഞ്ച് പേര്‍ സ്റ്റാഫുകളുമാണ്.
ഇതോടെ ഇന്ന് യൂറോപ്പാ ലീഗില്‍ നടക്കേണ്ട റെന്നസിനെതിരായ മല്‍സരം മാറ്റിവച്ചു.റെന്നസിനെതിരേ ഇറക്കാന്‍ മതിയായ താരങ്ങള്‍ ഇല്ലെന്നും കൂടുതല്‍ താരങ്ങള്‍ക്ക് രോഗം കണ്ടെത്താന്‍ സാധ്യത ഉണ്ടെന്നും കോച്ച് അന്റോണിയോ കോന്റെ യുവേഫായെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മല്‍സരം മാറ്റിവച്ചത്. ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ ബ്രിങ്ടണെതിരേ നടക്കേണ്ട മല്‍സരവും മാറ്റിവച്ചേക്കും. എല്ലാ ദിവസവും ടീമില്‍ പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ മല്‍സരങ്ങളുമായി മുന്നോട്ടുപോവുക അസാധ്യമാണെന്നും കോന്റെ അറിയിച്ചു.
ലെസ്റ്റര്‍ സിറ്റിയുടെ ഏഴ് താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ നപ്പോളിയ്‌ക്കെതിരായ ഇന്നത്തെ യൂറോപ്പാ ലീഗ് മല്‍സരത്തില്‍ മാറ്റമില്ല. മല്‍സരം നിശ്ചയിച്ച പ്രകാരം നടക്കും. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇന്ന് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.