643 ഗോളുകള്‍; പെലെയുടെ റെക്കോഡിനൊപ്പം മെസ്സി
ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി പെലെ 643 ഗോളുകളായിരുന്നു നേടിയത്.
ക്യാംപ്‌നൗ: ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇതിഹാസ താരം പെലെയുടെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ബാഴ്‌സലോണന്‍ താരം പുതിയ നേട്ടം കൈവരിച്ചത്. ബാഴ്‌സലോണയ്ക്ക് മാത്രമായി അര്‍ജന്റീനന്‍ താരം നേടിയ ഗോളുകളുടെ എണ്ണം 643 ആയി. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി പെലെ 643 ഗോളുകളായിരുന്നു നേടിയത്. 757 മല്‍സരങ്ങളില്‍ നിന്നായിരുന്നു പെലെയുടെ നേട്ടമെങ്കില്‍ 748ാം മല്‍സരത്തില്‍ നിന്നായിരുന്നു മെസ്സിയുടെ നേട്ടം. വലന്‍സിയക്കെതിരേ 45ാം മിനിറ്റിലായിരുന്നു മെസ്സിയുടെ 643ാം ഗോള്‍. ബാഴ്‌സയുടെ രണ്ടാം ഗോള്‍ അറൗജോയുടെ വകയായിരുന്നു. എന്നാല്‍ റെക്കോഡ് നേടിയെങ്കിലും കറ്റാലന്‍സിന് ഇന്നലെ നിരാശയായിരുന്നു മല്‍സര ഫലം. വലന്‍സിയ 2-2ന് ബാഴ്‌സയെ സമനിലയില്‍ കുരുക്കി.
സ്പാനിഷ് ലീഗില്‍ നടന്ന മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍പ്പന്‍ ജയം കരസ്ഥമാക്കി. എല്‍ഷെയെ 3-1ന് തോല്‍പ്പിച്ചാണ് മാഡ്രിഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. മല്‍സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ട ഗോള്‍ നേടി. ഡിഗോ കോസ്റ്റയുടെ വകയായിരുന്നു മൂന്നാം ഗോള്‍. രണ്ടാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡ് ലെവന്റേയോട് 2-1ന് തോറ്റു. നാലാം സ്ഥാനത്തുള്ള വിയ്യാറല്‍ ഒസാസുനയെ 3-1നും തോല്‍പ്പിച്ചു. ബാഴ്‌സ ലീഗില്‍ അഞ്ചാമതാണ്.