ഖത്തറില്‍ മെസ്സി വാഴുമോ ? വീഴുമോ?
അറബിക്കഥകളിലെ ആയിരത്തൊന്ന് രാവുകളിലെ അലാവുദ്ദീനെപ്പോലെ മറ്റൊരു വിസ്മയത്തിനാവും ലോകം സാക്ഷ്യം വഹിക്കുക.
ലോകം ഒരു പന്തിനുപുറകെ പായാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കണ്ണുകളെല്ലാം ഖത്തറിലെ പുല്‍മൈതാനികളിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഇത്തവണ സന്തോഷത്തിനൊപ്പം ദുഖവും ഏറെയുണ്ടാവും. അതിലേറ്റവും കൂടുതല്‍ ദുഖമുണ്ടാക്കുക ഒരുപക്ഷേ, ഏഴ് ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് ആണെന്ന പ്രഖ്യാപനം തന്നെയായിരിക്കും.
ഇത്തവണത്തേത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് സാക്ഷാന്‍ മെസ്സി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ക്ക് ആശാന്‍ ഇത്തവണ കപ്പുയര്‍ത്തി വിട ചൊല്ലണമെന്നാണ് ആഗ്രഹം. അര്‍ജന്റീനയാവട്ടെ തുടര്‍ച്ചയായ 35 മല്‍സരങ്ങളുടെ അപരാജിത കുതിപ്പിലാണ് മരുഭൂമിയില്‍ പറന്നിറങ്ങുന്നത്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും സ്‌കലോണിയുടെ കുട്ടികളെ തൃപ്തിപ്പെടുത്തില്ലെന്നുറപ്പ്.
ലയണല്‍ മെസ്സിക്കു മുമ്പ് മെക്സിക്കോയുടെ ഗോള്‍കീപ്പര്‍ അന്റോണിയോ ഫെലിക്സ്, ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണ്‍, ജര്‍മ്മനിയുടെ ലോഥര്‍ മത്തേവൂസ്, മെക്സിക്കോയുടെ റാഫേല്‍ മാര്‍ക്വസ് അല്‍വാരെസ് എന്നിവരാണ് അഞ്ച് ലോകകപ്പ് കളിച്ചവര്‍. 2014 ലോകകപ്പിന്റെ ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ മെസ്സിക്ക് കഴിഞ്ഞിരുന്നു. അന്ന് ജര്‍മ്മനിയോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയായിരുന്നു. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ മെസ്സിയുടെ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. 2010ലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനി അര്‍ജന്റീനയെ പുറത്താക്കി. 2006ലും ജര്‍മനി തന്നെയായിരുന്നു അര്‍ജന്റീനയുടെ വില്ലന്‍. അന്ന് ക്വാര്‍ട്ടറിലാണ് ടീം പുറത്തായത്. ഇത്തവണ കോപ്പാ അമേരിക്ക കിരീടം നേടിയ മെസ്സി ലോകകപ്പ് കിരീടം മാത്രം ലക്ഷ്യം വച്ചാണ് ഖത്തറില്‍ ഇറങ്ങുന്നത്. നിലവില്‍ പിഎസ്ജിയ്ക്കായി തകര്‍പ്പന്‍ ഫോമിലാണ് മെസ്സി. ഗോളടിച്ചും അടിപ്പിച്ചും മെസ്സി തിളങ്ങിനില്‍ക്കുകയാണ്.
17 മല്‍സരങ്ങളില്‍ നിന്നായി മെസ്സി ഇത്തവണ 12 ഗോളും 13 അസിസ്റ്റും നേടിയിട്ടുണ്ട്. ഈ ഫോം തന്നെയാണ് അര്‍ജന്റീനയുടെ തുരുപ്പ് ചീട്ടും. പിഎസ്ജിയുടെ ഫോം അര്‍ജന്റീനയ്ക്കൊപ്പം തുടരുമെന്നു തന്നെയാണ് ആരധകരുടെ പ്രതീക്ഷ. 2014ലെ ലോകകപ്പില്‍ ജര്‍മ്മനിയോട് ഒരു ഗോളിന് പരാജയപ്പെട്ടതിന്റെ ആഘാതം മെസ്സിയെ പിന്തുടര്‍ന്നത് ഒരു വര്‍ഷമായിരുന്നു. ഒരു വര്‍ഷത്തോളം തന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള പിഎസ്ജിയുടെ അവസാന മല്‍സരത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് മെസ്സി നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം നേരത്തേ പരിശീലനം ആരംഭിക്കാനാണ് താരത്തിന്റെ ആഗ്രഹം. കരിയറില്‍ ലോകകപ്പ് നേടാനുള്ള ലിയോയുടെ അവസാന ചാന്‍സ് എന്ന നിലയക്ക് ഇത്തവണ ഖത്തറില്‍ മെസ്സി ആളിക്കത്തുമെന്നാണ് റിപ്പോര്‍ട്ട്. 90 അന്താരാഷ്ട്ര ഗോളുകള്‍ തന്റെ പേരിലുള്ള മെസ്സി നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. ലോകകപ്പിലെ 19 മല്‍സരങ്ങളില്‍ നിന്നായി താരം ആറ് ഗോളാണ് നേടിയത്. മെസ്സിയുടെ ബൂട്ടില്‍ നിന്നും ഇത്തവണ ഗോളുകള്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനന്‍ ആരാധകര്‍.
കാല്‍പ്പന്തുകളിയിലെ രാജകുമാരന് ഖത്തറിന്റെ മണ്ണില്‍ ഫൈനല്‍ വരെ കളിക്കുകയാണെങ്കില്‍ 1001 എന്ന മാന്ത്രിക സംഖ്യയിലെത്തും. ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും ലയണല്‍ മെസ്സി ഇതുവരെ കളിച്ചത് 993 മത്സരങ്ങളാണ്. ലോകകപ്പില്‍ അര്‍ജന്റീന ഫൈനല്‍വരെ എത്തുകയാണെങ്കില്‍ അവര്‍ക്ക് ഏഴു മത്സരങ്ങള്‍ ലഭിക്കും. ലോകകപ്പിനു തൊട്ടുമുമ്പ് അബുദാബിയില്‍ യു.എ.ഇക്കെതിരേ അര്‍ജന്റീനയ്ക്ക് ഒരു സൗഹൃദമത്സരവുമുണ്ട്. ഇതിലെല്ലാം മെസ്സിക്ക് കളിക്കാനായാല്‍ ലോകകപ്പിന്റെ ഫൈനല്‍ മെസ്സിയുടെ കരിയറിലെ 1001ാമത്തെ മത്സരമാകും. കണക്കുകളൊക്കെ ശരിയായി വരികയാണെങ്കില്‍ അറബിക്കഥകളിലെ ആയിരത്തൊന്ന് രാവുകളിലെ അലാവുദ്ദീനെപ്പോലെ മറ്റൊരു വിസ്മയത്തിനാവും ലോകം സാക്ഷ്യം വഹിക്കുക.