മൂന്ന് അസിസ്റ്റുമായി മെസ്സി; റാമോസിന് അരങ്ങേറ്റം; പിഎസ്ജിക്ക് വന്‍ ജയം
നെയ്മര്‍ ഗുരുതരമായ പരിക്കേറ്റ് പുറത്തായത് പിഎസ്ജിയുടെ വിജയാഘോഷത്തിന് മങ്ങലേല്‍പ്പിച്ചു.
പാരിസ്: ഫ്രഞ്ച് ലീഗില്‍ ഇന്ന് ലയണല്‍ മെസ്സിയുടെ ദിനമായിരുന്നു. പിഎസ്ജിയുടെ സെയ്ന്റ് എറ്റീനെതിരായ മല്‍സരത്തില്‍ മെസ്സിയുടെ ചുവട് പിടിച്ച് പിഎസ്ജി ഇന്ന് 3-1ന്റെ ജയമാണ് നേടിയത്. മൂന്ന് ഗോളിനും മെസ്സിയാണ് അസിസ്റ്റ് ഒരുക്കിയത്. മല്‍സരത്തില്‍ ബ്രസീലിന്റെ മാര്‍ക്വിനോസ് ഇരട്ട ഗോള്‍ നേടി. 45, 90 മിനിറ്റുകളിലായാണ് മാര്‍ക്വിനോസ് സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനന്‍ താരം ഡി മരിയയുടെ ഗോള്‍ 79ാം മിനിറ്റിലായിരുന്നു.
മല്‍സരത്തിന്റെ 23ാം മിനിറ്റില്‍ സെയ്ന്റ് എറ്റീന്‍ ബൗന്‍ഗയിലൂടെ ലീഡെടുത്തിരുന്നു. 45ാം മിനിറ്റില്‍ എംബാപ്പെയെ ഫൗള്‍ ചെയ്തതിന് അവരുടെ ഒരു താരം ചുവപ്പ് കാര്‍ഡ് കണ്ടും പുറത്തായി. പിന്നീട് 10 പേരായാണ് അവര്‍ കളിച്ചത്. കഴിഞ്ഞ ജൂലായില്‍ പിഎസ്ജിയിലെത്തിയ മുന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇന്ന്. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നെയ്മര്‍ ഗുരുതരമായ പരിക്കേറ്റ് പുറത്തായത് പിഎസ്ജിയുടെ വിജയാഘോഷത്തിന് മങ്ങലേല്‍പ്പിച്ചു.