ക്ലബ്ബ് വിടുമെന്ന് മെസ്സി; സെറ്റിയന്‍ പുറത്ത്; കോമാന് സാധ്യത
കോച്ചിങ് തലം മുതല്‍ മാനേജ്മെന്റ്, കളിക്കാര്‍ എന്നീ എല്ലാ തലങ്ങളിലും മാറ്റം വേണമെന്നാണ് മെസ്സിയുടെ ആവശ്യം.
ക്യാംപ് നൗ: ബാഴ്സയില്‍ നിന്ന് ഉടന്‍ വിട്ടുപോവുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ക്ലബ്ബില്‍ കാര്യമായ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് മെസ്സി രാജി ഭീഷണി മുഴക്കിയത്. ചാംപ്യന്‍സ് ലീഗിലെ വന്‍ തോല്‍വിയില്‍ രോഷാകുലനായിട്ടാണ് മെസ്സിയുടെ പുതിയ തീരുമാനം. കോച്ചിങ് തലം മുതല്‍ മാനേജ്മെന്റ്, കളിക്കാര്‍ എന്നീ എല്ലാ തലങ്ങളിലും മാറ്റം വേണമെന്നാണ് മെസ്സിയുടെ ആവശ്യം.
2021 വരെയുള്ള തന്റെ കരാര്‍ പുതുക്കില്ല. വന്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടാന്‍ പ്രാപ്തിയുള്ള ടീമായ ബാഴ്സയെ കൊണ്ടുവരണം. ഇതിനു വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യണമെന്നും അല്ലാത്ത പക്ഷം ഈ സീസണില്‍ തന്നെ താന്‍ ക്ലബ്ബ് വിടുമെന്നും മെസ്സി അറിയിച്ചു. മെസ്സിയെ കൂടാതെ അന്റോണിയാ ഗ്രീസ്മാനും ക്ലബ്ബ് വിട്ടേക്കും.
അതിനിടെ കോച്ച് ക്വികെ സെറ്റിയനെ ബാഴ്സ പുറത്താക്കി. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബര്‍തമേയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സെറ്റിയന് പകരക്കാരനാവാന്‍ മൂന്ന്് പേര്‍ ലിസ്റ്റിലുണ്ട്. ഹോളണ്ട് കോച്ച് റൊണാള്‍ഡ് കോമാന്‍, മുന്‍ താരം സാവി, ടോട്ടന്‍ഹാം കോച്ച് പോച്ചറ്റീനോ എന്നിവരാണ് ലിസ്റ്റിലുള്ളത്. റൊണാള്‍ഡ് കോമാനെയാണ് ബാഴ്സ കൂടുതല്‍ പരിഗണിക്കുന്നത്. സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ടത് മുതല്‍ ക്ലബ്ബ് സെറ്റിയനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ക്ലബ്ബ് തലത്തില്‍ അഴിച്ചുപണി വേണമെന്ന് നേരത്തെ മെസ്സി ആവശ്യപ്പെട്ടിരുന്നു.