പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വിജയതീരത്ത്; വാറ്റ്‌ഫോഡിന് തോല്‍വി

ബേണ്‍മൗത്തിനെതിരേ 2-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. വില്‍സണിലൂടെ ഒമ്പതാം മിനിറ്റില്‍ ബേണ്‍മൗത്താണ് ലീഡ് നേടിയത്.

Update: 2020-03-08 05:07 GMT

ആന്‍ഫീല്‍ഡ്: തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം ലിവര്‍പൂള്‍ വിജയതീരമണിഞ്ഞു. ബേണ്‍മൗത്തിനെതിരേ 2-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. വില്‍സണിലൂടെ ഒമ്പതാം മിനിറ്റില്‍ ബേണ്‍മൗത്താണ് ലീഡ് നേടിയത്. എന്നാല്‍, മുഹമ്മദ് സലാഹ്(25), സാദിയോ മാനെ (33) എന്നിവരിലൂടെ ലിവര്‍പൂള്‍ ഞൊടിയിടയില്‍ തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച വാറ്റ്‌ഫോഡ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനോട് തോല്‍വിയേറ്റ് വാങ്ങി.
മറ്റ് മല്‍സരങ്ങളില്‍ ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ ആഴ്‌സണല്‍ ജയം കണ്ടപ്പോള്‍ ഏഴാം സ്ഥാനക്കാരായ ടോട്ടന്‍ഹാം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെസ്റ്റ്ഹാമിനെ 1-0നാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ബേണ്‍ലിയാണ് ടോട്ടന്‍ഹാമിനെ 1-1 സമനിലയില്‍ പിടിച്ചത്. മറ്റൊരു മല്‍സരത്തില്‍ നോര്‍വിച്ചിനെ ഷെഫ് യുനൈറ്റഡ് 1-0ന് തോല്‍പ്പിച്ചു. സത്താംപ്ടണ്‍ ന്യൂകാസിലിനെ 1-0ന് പിടിച്ചുകെട്ടിയപ്പോള്‍ വോള്‍വ്‌സ്ബ്രിങ്ടണ്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇന്ന് അര്‍ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ചെല്‍സി എവര്‍ട്ടണെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും. 

Tags:    

Similar News