ലോകകപ്പിലെ തോല്‍വി; ബെല്‍ജിയം കോച്ചിന് പിറകെ സ്പാനിഷ് കോച്ചും പുറത്ത്
ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.
മാഡ്രിഡ്: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്പാനിഷ് കോച്ച് ലൂയിസ് എന്ററിക്വയെ പുറത്താക്കി.ദി റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 52കാരനായ എന്ററിക്വെ 2018ലാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് സ്‌പെയിനിന് മികച്ച നേട്ടങ്ങള്‍ നേടി കൊടുത്ത എന്ററിക്വെയ്ക്ക് ലോകകപ്പില്‍ ആ ഫോം നിലനിര്‍ത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കോസ്റ്ററിക്കയോട് വന്‍ ജയം സ്വന്തമാക്കിയതൊഴിച്ചാല്‍ ജര്‍മ്മനിയോട് സമനിലയും ജപ്പാനോട് തോല്‍വിയും ടീം നേരിട്ടിരുന്നു. കഷ്ടിച്ച് പ്രീക്വാര്‍ട്ടറിലെത്തിയ സ്‌പെയിനിന് മൊറോക്കന്‍ വലയിലേക്ക് ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനായിരുന്നില്ല.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ബെല്‍ജിയത്തിന്റെ ടീം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിന്‍സും രാജിവച്ചിരുന്നു. ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.