ഫ്രഞ്ച് ലീഗില്‍ കാണികളുടെ അക്രമം തുടര്‍ക്കഥ; മാഴ്‌സിലെ-ലിയോണ്‍ മല്‍സരം ഉപേക്ഷിച്ചു
ഈ മല്‍സരത്തില്‍ ആരാധകര്‍ ഗ്രൗണ്ടില്‍ ഇറങ്ങി മാഴ്‌സിലെ താരങ്ങളെ കൈയ്യേറ്റം ചെയ്തിരുന്നു.
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ മല്‍സരങ്ങള്‍ക്കിടയില്‍ കാണികളുടെ അക്രമം തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം നടന്ന ലിയോണ്‍-മാഴ്‌സിലെ മല്‍സരത്തിലും അക്രമം അരങ്ങേറി. ഇതേ തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. മല്‍സരം ആരംഭിച്ച് നാല് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അക്രമം തുടര്‍ന്നു. ഫ്രാന്‍സിന്റെ മാഴ്‌സിലെ താരം ദിമിത്രി പയറ്റിനെതിരേ ആയിരുന്നു അക്രമം. കോര്‍ണര്‍ എടുക്കാന്‍ വന്ന താരത്തിന്റെ തലയിലേക്ക് കാണികളിലൊരാള്‍ വെള്ളം അടങ്ങിയ കുപ്പി വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ മല്‍സരം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു.
അടുത്തിടെ നടന്ന പിഎസ്ജി-മാഴ്‌സിലെ മല്‍സരത്തിലും കാണികളുടെ ഭാഗത്ത് നിന്നും മോശം നടപടികള്‍ അരങ്ങേറിയിരുന്നു. പിഎസ്ജി താരങ്ങള്‍ക്കെതിരേ കുപ്പിയും കടലാസുകളും വലിച്ചെറിയുകയും രണ്ട് ക്ലബ്ബുകളുടെ ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ ഏറ്റുമുട്ടുകയും ചെയ്തു. നെയ്മര്‍ കോര്‍ണര്‍ എടുത്തത് പോലിസ് സുരക്ഷയിലായിരുന്നു. താരങ്ങള്‍ക്ക് മുഴുവന്‍ സുരക്ഷ ഒരുക്കിയാണ് അന്ന് മല്‍സരം പൂര്‍ത്തിയാക്കിയത്.
ഈ സീസണിന്റെ തുടക്കത്തില്‍ മാഴ്‌സിലെയും നീസും തമ്മിലുള്ള മല്‍സരത്തില്‍ അക്രമം ഉടലെടുത്തിരുന്നു. ഈ മല്‍സരത്തില്‍ ആരാധകര്‍ ഗ്രൗണ്ടില്‍ ഇറങ്ങി മാഴ്‌സിലെ താരങ്ങളെ കൈയ്യേറ്റം ചെയ്തിരുന്നു. ലെന്‍സ്-ലില്ലെ, മാഴ്‌സിലെ-ആംങ്കേഴ്‌സ്, ബോര്‍ഡെക്‌സ്-മോന്റ്‌പെല്ലിയര്‍ മല്‍സരങ്ങളിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.