ബാഴ്‌സയെ വീഴ്ത്തി; ആദ്യ എല്‍ ക്ലാസ്സിക്കോ റയലിന് സ്വന്തം
3-1ന്റെ ജയമാണ് റയല്‍ നേടിയത്.
ക്യാപ് നൗ: സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ സിദാന്റെ റയല്‍ മാഡ്രിഡ് നേടി. സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കെതിരേ 3-1ന്റെ ജയമാണ് റയല്‍ നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് തുടര്‍ന്ന് പോവാന്‍ മെസ്സിക്കും കൂട്ടര്‍ക്കും ആയില്ല. അഞ്ചാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ആണ് ലീഡെടുത്തത്. വാല്‍വര്‍ഡേയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് അന്‍സു ഫാത്തിയിലൂടെ എട്ടാം മിനിറ്റില്‍ ബാഴ്‌സ തിരിച്ചടിച്ചു. തുടര്‍ന്ന് മല്‍സരം പതുക്കെയാണ് നീങ്ങിയത്. അടുത്ത ഗോള്‍ വന്നത് രണ്ടാം പകുതിയില്‍ റയലിന്റെ വകയായിരുന്നു. സെര്‍ജിയോ റാമോസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ഗോളാക്കിയത്. റാമോസ് തന്നെയാണ് 63ാം മിനിറ്റില്‍ പെനാല്‍റ്റിയെടുത്തത്. അവസാന ഗോള്‍ 90ാം മിനിറ്റില്‍ ലൂക്കാ മൊഡ്രിക്കിന്റെ വകയായിരുന്നു. പുതിയ കോച്ച് റൊണാള്‍ഡോ കോമാന്റെ കീഴിലും ബാഴ്‌സയുടെ തനത് ഫോം തിരിച്ചുവരാത്തത് ആരാധകര്‍ക്ക് നിരാശ നല്‍കുകയാണ്. ജയത്തോടെ റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബാഴ്‌സലോണ ലീഗില്‍ 12ാം സ്ഥാനത്താണ്.