ഇത്തിഹാദില്‍ പിഎസ്ജിയുടെ കഥകഴിച്ച് സിറ്റി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍

റിയാദ് മെഹറസ് എന്ന അള്‍ജീരിയന്‍ ക്യാപ്റ്റന്റെ ഇരട്ട ഗോളുകളാണ് ടീമിന്റെ ഫൈനല്‍ സ്വപ്‌നം സാക്ഷാല്‍കരിച്ചത്.

Update: 2021-05-05 00:05 GMT


ഇത്തിഹാദ്: പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് ജൈത്രയാത്രയ്ക്ക് വിരാമമിട്ട് മാഞ്ച്‌സറ്റര്‍ സിറ്റി ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക്. ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് ശക്തികളെ സിറ്റി വീഴ്ത്തിയത്. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയം നേടിയാണ് സിറ്റി ആദ്യ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. റിയാദ് മെഹറസ് എന്ന അള്‍ജീരിയന്‍ ക്യാപ്റ്റന്റെ ഇരട്ട ഗോളുകളാണ് പെപ്പ് ഗ്വാര്‍ഡിയോള ടീമിന്റെ ഫൈനല്‍ സ്വപ്‌നം സാക്ഷാല്‍കരിച്ചത്.


മികച്ച കളി പുറത്തെടുത്തിട്ടും തോല്‍ക്കാനായിരുന്നു നെയ്മറുടെയും കൂട്ടരുടെയും വിധി. എംബാപ്പെയില്ലാതെ ഇറങ്ങിയ പിഎസ്ജിക്ക് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പോലും കഴിഞ്ഞില്ല. ഏഴാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വാര്‍ തള്ളുകയായിരുന്നു. 11ാം മിനിറ്റില്‍ ഡി ബ്രൂണിയുടെ അസിസ്റ്റില്‍ നിന്നായിരുന്ന മെഹറസിന്റെ ആദ്യ ഗോള്‍. മാര്‍ക്കിനോസും ഡി മരിയയും ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാഗ്യം ഇന്ന് പിഎസ്ജിക്ക് തുണയായില്ല. ഫില്‍ ഫോഡന്റെ പാസില്‍ നിന്നും 64ാം മിനിറ്റില്‍ ലഭിച്ച കൗണ്ടറിലാണ് മെഹറസിന്റെ രണ്ടാം ഗോള്‍ വീണത്. ആദ്യപാദത്തിലും മെഹറസ് ഒരു ഗോള്‍ നേടിയിരുന്നു. ഇതിനിടെ ഡി മരിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പിഎസ്ജിക്ക് തിരിച്ചടിയായി. നാളെ നടക്കുന്ന റയല്‍ മാഡ്രിഡ്-ചെല്‍സി മല്‍സരത്തിലെ വിജയികളാണ് സിറ്റിയുടെ ഫൈനലിലെ എതിരാളികള്‍.




Tags:    

Similar News