യങ് ബോയിസിനെതിരേ സിദാന്‍ ഇഖ്ബാലടക്കം അഞ്ച് പുതുമുഖങ്ങളുമായി മാഞ്ചസ്റ്റര്‍ സ്‌ക്വാഡ്

ഇഖ്ബാലിന്റെ പിതാവ് പാകിസ്താനിയും മാതാവ് ഇറാഖിയുമാണ്

Update: 2021-12-08 13:28 GMT


മാഞ്ചസ്റ്റര്‍; ചാംപ്യന്‍സ് ലീഗില്‍ ഇറാഖിന്റെ യുവതാരം സിദാന്‍ ഇഖ്ബാല്‍ ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും.നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അണ്ടര്‍ 23 താരമാണെങ്കിലും ഇതുവരെ മാഞ്ചസ്റ്ററിന്റെ സീനിയര്‍ ടീമിനായി കളിക്കാന്‍ കഴിഞ്ഞിട്ടില്ല. 18കാരനായ സിദാന്‍ ഇഖ്ബാല്‍ ഒമ്പത് വയസ്സുമുതല്‍ മാഞ്ചസ്റ്ററിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ കളിക്കുന്നുണ്ട്. ഇന്ന് ചുവപ്പ് ചെകുത്താന്‍മാര്‍ക്കായി സിദാന്‍ അരങ്ങേറിയാല്‍ ദക്ഷിണേഷ്യയില്‍ നിന്ന് യുനൈറ്റഡിനായി കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാം.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച യുനൈറ്റഡിന് ഇന്ന് നിര്‍ണ്ണായകമല്ലെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ടിലേക്ക് കയറാമെന്ന ലക്ഷ്യമാണുള്ളത്. യുനൈറ്റഡിന്റെ അന്തിമ സ്‌ക്വാഡിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സാധ്യതാ ടീമില്‍ പുതിയ കോച്ച് റാള്‍ഫ് റാഗ്നിക്ക് അഞ്ചു പുതുമുഖങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലെ പ്രധാന താരം സിദാന്‍ തന്നെയാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം ജൂനിയര്‍ ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇഖ്ബാലിന്റെ പിതാവ് പാകിസ്താനിയും മാതാവ് ഇറാഖിയുമാണ്.


സിദാനെ കൂടാതെ സാം മാത്തര്‍, ചാര്‍ലി സാവേജ്, ചാര്‍ലി വെല്ലനസ്, ബജോര്‍ണ്‍ ഹാര്‍ഡലി എന്നിവരും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.




Tags:    

Similar News