സ്പാനിഷ് ലീഗില്‍ വീണ്ടും പെനാല്‍റ്റി പാഴാക്കി എംബാപ്പെ; റയല്‍ മാഡ്രിഡിന് തോല്‍വി
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേ 2-1ന്റെ തോല്‍വിയാണ് റയല്‍ വഴങ്ങിയത്. മല്‍സരത്തില്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റി പാഴാക്കിയത് റയലിന് വന്‍ തിരിച്ചടിയായി. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ അല്ക്‌സ് ബെര്‍നഗുര്‍ 53ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് ലീഡ് നല്‍കി.
68ാം മിനിറ്റില്‍ സമനില പിടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെ റയലിന്റെ പെനാല്‍റ്റി പാഴാക്കുകയായിരുന്നു. എന്നാല്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം റയലിന് 78ാം മിനിറ്റില്‍ സമനില നല്‍കി. മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയെങ്കിലും 80ാം മിനിറ്റില്‍ ഗോര്‍ക്കാ ഗുറുസെറ്റെ അത്‌ലറ്റിക്കോയ്ക്ക് ലീഡ് നല്‍കുകയായിരുന്നു.
പിന്നീട് സമനില പിടിക്കാന്‍ റയല്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ നാല് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ രണ്ടാം സ്ഥാനത്താണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും അത്‌ലറ്റിക്ക് ക്ലബ്ബ് നാലാം സ്ഥാനത്തുമാണ്.