ലോകകപ്പ് യോഗ്യത; ബെല്‍ജിയവും ഫ്രാന്‍സും ഖത്തറിലേക്ക്
1985ന് ശേഷം ആദ്യമായാണ് ഒരു താരം ഫ്രാന്‍സിനായി ഹാട്രിക്ക് നേടുന്നത്.
പാരിസ്:ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവും മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സും ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന യോഗ്യതാ മല്‍സരങ്ങളില്‍ എസ്‌റ്റോണിയയെ 3-1ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തിയാണ് ബെല്‍ജിയം യോഗ്യത ഉറപ്പിച്ചത്. ബെന്റെക്കെ, കരാസ്‌ക്കോ, തിയാഗോ ഹസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍.
കസാഖിസ്താനെ എട്ട് ഗോളിന് വീഴ്ത്തിയാണ് ഫ്രാന്‍സ് യോഗ്യത നേടിയത്. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ് ഒന്നാമതെത്തി. പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ നാല് ഗോളുകള്‍ നേടി.താരത്തിന്റെ ഫ്രാന്‍സിനായുള്ള ആദ്യ ഹാട്രിക്കാണ്. 1985ന് ശേഷം ആദ്യമായാണ് ഒരു താരം ഫ്രാന്‍സിനായി ഹാട്രിക്ക് നേടുന്നത്. 6, 12, 32, 87 മിനിറ്റുകളിലായാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. കരീം ബെന്‍സിമ രണ്ടും റാബിയോട്ട്, ഗ്രീസ്മാന്‍ എന്നിവര്‍ ഓരോ ഗോളും നേടി.