പോര്‍ച്ചുഗലിനെ മൊറോക്കോ മുട്ടുകുത്തിക്കുമോ? ; ഫ്രാന്‍സിനെ ഇംഗ്ലണ്ട് പൂട്ടുമോ?

Update: 2022-12-10 07:49 GMT

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ അവസാന ദിവസമായ ഇന്ന് നടക്കുന്നത് ഫൈനലിന് വെല്ലുന്ന മല്‍സരങ്ങള്‍. രാത്രി 8.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയും മിന്നും ഫോമിലുള്ള പോര്‍ച്ചുഗലുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 12.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സും ആദ്യ കിരീടം ലക്ഷ്യം വച്ചിറിങ്ങുന്ന ഇംഗ്ലണ്ടുമാണ് കൊമ്പുകോര്‍ക്കുന്നത്.


 

 അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ലാണ് ആദ്യ ക്വാര്‍ട്ടര്‍. ഈ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോ ഇതിനോടകം വമ്പന്‍മാരെ വീഴ്ത്തി അട്ടിമറി വീരന്‍മാരായവരാണ്. യൂറോപ്പിന്‍ ഫുട്‌ബോളിലെ പ്രബലരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറിച്ചിട്ട മൊറോക്കോ ആഫ്രിക്കന്‍-അറബ് സംയുക്ത പ്രതീക്ഷയുമായാണ് ലോകകപ്പില്‍ തുടരുന്നത്.

എന്നാല്‍ പതിയ തുടങ്ങിയ പറങ്കികളാവട്ടെ പോരാട്ടം കൊണ്ട് കിരീടം തന്നെ നേടാനുള്ള കരുത്ത് സ്വന്തമാക്കിയിട്ടുണ്ട്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ 6-1നാണ് പോര്‍ച്ചുഗ്രീസ് തകര്‍ത്തത്. പുതുമുഖ താരം ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക്കിലൂടെ പോര്‍ച്ചുഗല്‍ ഏവരുടെയും മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ടീമിലെത്തിയ റാമോസ് തന്നെയാണ് കപ്പിത്താന്‍മാരുടെ തുരുപ്പ് ചീട്ട്.


 പ്രീക്വാര്‍ട്ടറിലെ ഇലവനെ തന്നെ ഇറക്കാന്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് നിര്‍ബന്ധിതനാവും. എന്നാല്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ഒരു ഭാഗത്ത് അലയടിക്കുമ്പോള്‍ സാന്റോസ് എന്ത് തീരുമാനമെടുക്കുമെന്ന് കണ്ടറിയാം. വിമര്‍ശകരെ തള്ളി സാന്റോസ് പോര്‍ച്ചുഗല്‍ എന്ന ടീമിനെ തന്നെ പിന്തുണയ്ക്കാനാണ് സാധ്യത. ടീമിന്റെ പരിശീലനത്തിനിറങ്ങാത്ത റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീം വിടുമെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ സൂപ്പര്‍ താരം എല്ലാം നിഷേധിച്ച് രംഗത്ത് വന്നത് ടീമിന് പുതിയ ഊര്‍ജ്ജം നല്‍കും. ടീമാണ് വലുതെന്നും കിരീടം മാത്രമേ ലക്ഷ്യമുള്ളൂവെന്നും മറ്റ് ചര്‍ച്ചകള്‍ക്ക് പ്രധാന്യമില്ലെന്നും സിആര്‍7 വ്യക്തമാക്കി കഴിഞ്ഞു. കിരീട ഫേവററ്റ് ലിസ്റ്റില്ലാത്ത പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറോടെയാണ് ചിത്രത്തില്‍ തെളിഞ്ഞ് വന്നത്. ഇനി കിരീടം തന്നെ ലക്ഷ്യവെച്ചാണ് പറങ്കികളുടെ പ്രയാണം.


രണ്ടാം ക്വാര്‍ട്ടറിലെ ഫ്രാന്‍സിന്റെ കൂന്തുമുന കിലിയന്‍ എംബാപ്പെയാണ്. ഗോള്‍ഡന്‍ ബൂട്ട് തേരോട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഈ പിഎസ്ജി താരം ഫ്രാന്‍സിന്റെ കപ്പ് നിലനിര്‍ത്താനുള്ള ലക്ഷ്യത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ഇത്തരികൂഞ്ഞന്‍മാരായ ടുണീഷ്യയോട് പരാജയപ്പെട്ട നാണക്കേട് പ്രീക്വാര്‍ട്ടറില്‍ മാറ്റിയെടുത്താണ് ദേഷാംസിന്റെ കുട്ടികളുടെ വരവ്. പോളണ്ടിനെ പ്രീക്വാര്‍ട്ടറില്‍ മറികടന്നത് 3-1നാണ്.കരീം ബെന്‍സിമയുടെ അഭാവത്തില്‍ തിളങ്ങുന്ന സീനിയര്‍ താരം ഒലിവര്‍ ജിറൗഡും എംബാപ്പെയ്‌ക്കൊപ്പം സ്‌ട്രൈക്കിങ് നിരയില്‍ തിളങ്ങും.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം നമ്പര്‍ താരങ്ങളുടെ ക്വാട്ടയാണ് ഇംഗ്ലണ്ട് സ്‌ക്വാഡ്. ഈ ലോകകപ്പിലെ ഇതുവരെയുള്ള ത്രീ ലയണസിന്റെ പ്രകടനവും മികച്ചതാണ്. കിരീട ഫേവറ്റ് ലിസ്റ്റില്‍ ഉള്ള ഇംഗ്ലണ്ട് സെനഗലിനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത് 3-1നാണ്.താരതമ്യേ ദുര്‍ബല ഗ്രൂപ്പില്‍ നിന്നും ചാംപ്യന്‍മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ ശക്തികളെയൊന്നും ത്രീ ലയണ്‍സിനെ ഖത്തറില്‍ നേരിടേണ്ടി വന്നിട്ടില്ല.


 ക്വാര്‍ട്ടറില്‍ വരുന്നത് പരിചയസമ്പത്തുള്ള ഫ്രാന്‍സ് എന്ന എതിരാളി. ഇതുവരെ കളിച്ച ഫുട്‌ബോളല്ല ഇംഗ്ലണ്ടിന് ഇന്ന് ഫ്രഞ്ച് പടയോട് പുറത്തെടുക്കേണ്ടത്. ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള ഇംഗ്ലണ്ട്ിന്റെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലെ ആദ്യ പോര് തീപ്പാറുമെന്നുറപ്പ്. ഇരുടീമും നേരിട്ട ഏറ്റുമുട്ടിയപ്പോള്‍ 17 ജയങ്ങളുമായി ഇംഗ്ലിഷ് പട തന്നെയാണ് മുന്നില്‍. ഫ്രാന്‍സിന് ഇതുവരെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായില്ല എന്ന് അപവാദം തലയിലുണ്ട്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ആര് സെമിയിലേക്ക് മുന്നേറുമെന്ന് നോക്കികാണാം.



 



 






Tags:    

Similar News