ക്യാംപ് നൗവില്‍ ബാഴ്‌സയെ തരിപ്പണമാക്കി പിഎസ്‌ജി;എംബാപ്പെയ്‌ക്ക് ഹാട്രിക്ക്
ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ ബാഴ്‌സയാണ് 27ാം മിനിറ്റില്‍ ലീഡ് എടുത്തത്.
ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ സ്‌പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണയെ തകര്‍ത്ത് പിഎസ്‌ജി. പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ 4-1നാണ് പോച്ചീടീനോയുടെ കുട്ടികള്‍ ബാഴ്‌സയെ തറപ്പറ്റിച്ചത്. നെയ്‌മറില്ലാതെ ഇറങ്ങിയ പിഎസ്‌ജി എംബാപ്പെയുടെ ഹാട്രിക്ക് മികവിലാണ് ജയം നേടിയത്. സ്വന്തം തട്ടകത്തില്‍ കളി മറന്ന നിലയിലാണ് കറ്റാലന്‍സ് കളിച്ചത്. ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ ബാഴ്‌സയാണ് 27ാം മിനിറ്റില്‍ ലീഡ് എടുത്തത്. എന്നാല്‍ 32ാംമിനിറ്റില്‍ വെറാറ്റിയൂടെ പാസ്സില്‍ നിന്ന് കിലിയന്‍ എംബാപ്പെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 65 , 85 മിനിറ്റുകളില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്‌തു. ഇതിനിടെ 70ാം മിനിറ്റില്‍ മോയിസ് കീനും പിഎസ്‌ജിയ്‌ക്കായി സ്‌കോര്‍ ചെയ്‌തു. പിഎസ്‌ജി പ്രതിരോധത്തെ മറികടക്കാന്‍ ബാഴ്‌സയ്‌ക്ക് ഒരവസരത്തിലും കഴിഞ്ഞില്ല. സ്ഥിരം ബാഴ്‌സയ്‌ക്ക് മുന്നില്‍ അടിയറവു പറയുന്ന ടീമെന്ന പേരും പിഎസ്‌ജി ഈ ജയത്തോടെ മാറ്റി. രണ്ടാം പാദ മല്‍സരം ഫ്രാന്‍സില്‍ മാര്‍ച്ച് 10ന് നടക്കും.
മറ്റൊരു പ്രീക്വര്‍ട്ടറില്‍ ലിവര്‍പൂള്‍ ആര്‍ ബി ലെപ്‌സിഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മുഹമ്മദ് സലാഹ് , സാദിയോ മാനെ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തിലാണ് ലിവര്‍പൂള്‍ ആദ്യ പാദത്തില്‍ ജയിച്ചുകയറിയത്. ജര്‍മ്മന്‍ ക്ലബ്ബായ ലെപ്‌സിഗ് ഡിഫന്‍സിന്റെ പിഴവില്‍ നിന്നാണ് ലിവര്‍പൂളിന്റെ രണ്ട് ഗോളും പിറന്നത്.