നെയ്മറിന് മുട്ടന്‍ പണി വരുന്നു; പരിക്കും വ്യാജ ആരോപണങ്ങളും; സീസണ്‍ നഷ്ടമാവും

നെയ്മറിന്റെ ആരോപണം വ്യാജമാണെങ്കില്‍ താരത്തെ കാത്ത് കിടക്കുന്നത് 10 മല്‍സരത്തില്‍ വിലക്കാണ്.

Update: 2020-09-30 19:12 GMT



പാരിസ്: ലോക ഫുട്‌ബോളിലെ വിവാദങ്ങളുടെ തോഴനാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ഗ്രൗണ്ടിലെ പരിക്കേറ്റുള്ള അഭിനയവും സ്ത്രീ പീഡനവും നികുതി വെട്ടിപ്പും കൂടെ പരിക്കും. ഇങ്ങനെ പോവുന്ന പിഎസ്ജി സ്റ്റാറിന്റെ വിവാദങ്ങള്‍. സീസണിലെ പകുതി ഭാഗവും താരം പരിക്കിന്റെ പിടിയിലാവും. പിഎസിജിയില്‍ പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചെങ്കിലും ലോക റെക്കോഡ് തുക നല്‍കി താരത്തെ വാങ്ങാന്‍ പഴയ ക്ലബ്ബ് ബാഴ്‌സയ്ക്കും സാധിച്ചില്ല. ഇക്കുറിയും അതിന്റെ ഓളങ്ങള്‍ കണ്ടില്ല. ഒടുവില്‍ പിഎസ്ജിയില്‍ തന്നെ താരം നിലകൊണ്ടു.


എന്നാല്‍ പുതിയ സീസണ്‍ പിഎസ്ജിക്കും നെയ്മര്‍ക്കും അത്ര നല്ലതല്ല. ആദ്യം കൊറോണ വില്ലനായി. നെയ്മര്‍ ആദ്യ മല്‍സരത്തില്‍ കളിച്ചില്ല. ആദ്യ മല്‍സരത്തില്‍ തന്നെ പിഎസ്ജി തോല്‍വിയേറ്റു വാങ്ങി. കൊറോണ മാറി വന്ന നെയ്മര്‍ രണ്ടാം മല്‍സരത്തില്‍ ഇറങ്ങി. രണ്ടാം മല്‍സരത്തില്‍ തോറ്റതിന്റെ അമര്‍ഷം എതിര്‍ടീമായ മാര്‍സിലെ താരങ്ങളോട്. നെയ്മര്‍ മാത്രമല്ല പിഎസ്ജിയിലെയും മാര്‍സിലെയിലെയും സഹതാരങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. വീണത് അഞ്ച് ചുവപ്പ് കാര്‍ഡും 12 മഞ്ഞകാര്‍ഡും. വിവാദ നായകന്‍ നെയ്മര്‍ക്കും കിട്ടി ചുവപ്പ് കാര്‍ഡ് . മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്. വിലക്കിന് ശേഷം കളിച്ച മല്‍സരത്തില്‍ താരത്തിന് പരിക്കും. വെള്ളിയാഴ്ച ആഗേഴ്‌സിനെതിരായ മല്‍സരത്തില്‍ താരം കളിക്കില്ല. താരം എപ്പോള്‍ തിരിച്ചെത്തുമെന്നും പിഎസ്ജി വ്യക്തമാക്കിയിട്ടില്ല.


എന്നാല്‍ പരിക്ക് മാത്രമല്ല താരത്തിന് പ്രശ്‌നം. 2020 സീസണ്‍ മുഴുവന്‍ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ നെയ്മറിന് കാത്തുനില്‍ക്കുന്നത്. മാര്‍സിലെ താരം ആല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് അവര്‍ക്കെതിരായ മല്‍സര ശേഷം നെയ്മര്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പരാതി വ്യാജമാണെന്നാണ് മാര്‍സിലെയും ഗോണ്‍സാലസും വ്യക്തമാക്കുന്നത്. നെയ്മറിന്റെ ആരോപണം വ്യാജമാണെങ്കില്‍ താരത്തെ കാത്ത് കിടക്കുന്നത് 10 മല്‍സരത്തില്‍ വിലക്കാണ്.


കൂടാതെ മാര്‍സിലെ താരം ഹിറോക്കി സാക്കിയെ നെയ്മര്‍ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഈ പരാതിയിലും അന്വേഷണം നടക്കുകയാണ്. പരാതി സത്യമാണെങ്കില്‍ 10 മല്‍സരങ്ങളില്‍ താരത്തിന് വിലക്കുണ്ടാവും. ഇതോടെ താരത്തിന് നഷ്ടമാവുക സീസണില്‍ മുക്കാല്‍ ഭാഗം മല്‍സരവും. ഇതിനിടെ നടക്കുന്ന ചാംപ്യന്‍സ് ലീഗ് മല്‍സരവും നെയ്മറിന് നഷ്ടമാവും. കൈയ്യെത്തും ദൂരത്ത് നഷ്ടമായ ചാംപ്യന്‍സ് ലീഗ് ഇത്തവണയെങ്കിലും പിടിച്ചെടുക്കാനാണ് പിഎസ്ജിയുടെ ശ്രമം. അതിനിടെയാണ് താരത്തിന്റെ വിവാദങ്ങള്‍. പിഎസ്ജിയുമായി നിലവില്‍ നെയ്മര്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. കൂടാതെ ക്ലബ്ബിനായി മികച്ച പ്രകടനവും . എന്നാല്‍ വിവാദവിഷയങ്ങളില്‍ ക്ലബ്ബ് നെയ്മറിനൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് വിവാദ വിഷയങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഖത്തര്‍ മേല്‍നോട്ടത്തിലുള്ള പിഎസ്ജി നെയ്മറിന് മുഴുവന്‍ പിന്തുണ നല്‍കിയിട്ടില്ല. 2020 സീസണ്‍ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരമായ നെയ്മര്‍ ഇല്ലാതെ തീരുമോ എന്ന് കാത്തിരുന്ന് കാണാം.






Tags:    

Similar News