ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോയെ വീഴ്ത്തി ചെല്‍സി; ബയേണിന് വന്‍ ജയം
ജിറൗഡിന്റെ ബൈസൈക്കിള്‍ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്.
ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോ ആദ്യപാദത്തില്‍ ചെല്‍സിയോട് തോറ്റത്. നിരവധി ഫൗള്‍ സൃഷ്ടിച്ചെങ്കിലും സ്പാനിഷ് ക്ലബ്ബിന് മേല്‍ ചെല്‍സിയുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിന്റെ ബൈസൈക്കിള്‍ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. ജിറൗഡിന്റെ ഈ ചാംപ്യന്‍സ് ലീഗിലെ ആറാം ഗോളാണിത്. താരത്തിന്റെ സൂപ്പര്‍ ഗോളിന് ഫുട്‌ബോള്‍ ലോകത്ത് അഭിനന്ദന പ്രവാഹമാണ്. ചാംപ്യന്‍സ് ലീഗ് 2013-14 സീസണിന് ശേഷം ചെല്‍സി ഇതുവരെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടില്ല. പുതിയ കോച്ച് ടുഷേലിന്റെ കീഴില്‍ ലീഗ് കിരീടം തന്നെ ലക്ഷ്യം വച്ചാണ് ചെല്‍സിയുടെ പടയോട്ടം. ടുഷേല്‍ ചാര്‍ജ്ജെടുത്തതിന് ശേഷം തുടര്‍ച്ചയായ എട്ട് മല്‍സരങ്ങളില്‍ വിജയകുതിപ്പുമായി ചെല്‍സി നീങ്ങുകയാണ്.
മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ലാസിയോയെ 4-1ന് തോല്‍പ്പിച്ചു. നിലവിലെ ചാംപ്യന്‍മാരായ ബയേണിന് മേല്‍ ഒരു തരത്തിലും മേല്‍ക്കോയ്മ നേടാന്‍ ഇറ്റാലിയന്‍ ക്ലബ്ബിനായില്ല. ലെവന്‍ഡോസ്‌കി, മുസെയ്‌ലാ, സാനെ, അസെര്‍ബി (ലാസിയോ- സെല്‍ഫ് ഗോള്‍) എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍.