റാമോസിന് ഹാട്രിക്ക്; പറങ്കികള്‍ തീയായി; സ്വിസ് ചാരവും

6-1ന്റെ ഭീമന്‍ ജയമാണ് പറങ്കികള്‍ നേടിയത്.

Update: 2022-12-07 01:57 GMT

ദോഹ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. 6-1ന്റെ ഭീമന്‍ ജയമാണ് പറങ്കികള്‍ നേടിയത്. റൊണാള്‍ഡോയ്ക്ക് പകരം ഇറങ്ങിയ ടീനേജ് താരം ഗോണ്‍സാലോ റാമോസ് പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടി.ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങുകയായിരുന്നു റാമോസ്.സീനിയര്‍ താരം പെപ്പെ (ക്യാപ്റ്റന്‍), ഗുറേറോ, റാഫേല്‍ ലിയോ എന്നിവരും പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് ഉടമയായ റാമോസ് ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ജാവോ ഫ്‌ളിക്ക്‌സ് രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഗുറേറോയും ഓരോ ഗോളുകള്‍ക്കും അസിസ്റ്റ് ചെയ്തു.


 സ്വിറ്റ്‌സര്‍ലന്റിനായി നിലംപരിശാക്കുന്ന പ്രകടനമാണ് പറങ്കികള്‍ നടത്തിയത്. 17, 51, 67 മിനിറ്റുകളിലാണ് ഗോണ്‍സാലോ റാമോസിന്റെ എണ്ണം പറഞ്ഞ ഗോളുകള്‍. റൊണാള്‍ഡോയ്ക്ക് പകരം പോര്‍ച്ചുഗലിന്റെ ഭാവി വാഗ്ദാനം എന്ന് രേഖപ്പെടുത്താവുന്ന പ്രകടനമാണ് ഈ ബെന്‍ഫിക്ക താരം നടത്തിയത്. 33ാം മിനിറ്റിലാണ് സീനിയര്‍ താരമായ പെപ്പെ സ്‌കോര്‍ ചെയ്തത്. ഗുറേറോയുടെ ഗോള്‍ 55ാം മിനിറ്റിലും റാഫേല്‍ ലിയോയുടെ ഗോള്‍ ഇഞ്ചുറി ടൈമിലുമായിരുന്നു. സ്വിസിന്റെ ആശ്വാസ ഗോള്‍ 58ാം മിനിറ്റില്‍ അക്കാന്‍ഞ്ചിയുടെ വകയായിരുന്നു. സ്വിസ് പോര്‍ച്ചുഗലിന് ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു നിഗമനം. എന്നാല്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമറിന്റെ മോശം ഫോമും ഇന്ന് സ്വിറ്റ്‌സര്‍ലന്റിന് തിരിച്ചടിയായി.


73ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സാന്റോസ് കളത്തിലിറക്കിയിരുന്നു. ഹാട്രിക്ക് സ്റ്റാര്‍ റാമോസിനെ പിന്‍വലിച്ചായിരുന്നു നീക്കം. എന്നാല്‍ റോണോയ്ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. 84ാം മിനിറ്റില്‍ താരം നേടിയ ഗോള്‍ ഓഫ് സൈഡ് വിധിക്കുകയായിരുന്നു. പകരക്കാരനായെത്തിയ റാഫേല്‍ ലിയോ ഒറ്റയ്ക്ക് മുന്നേറിയാണ് ഇഞ്ചുറി ടൈമില്‍ സ്‌കോര്‍ ചെയ്തത്. റാമോസിന്റെയും മറ്റ് യുവതാരങ്ങളുടെയും ഫോമോടെ റൊണാള്‍ഡോ എന്ന സൂപ്പര്‍ സ്റ്റാറിന്റെ അടുത്ത മല്‍സരങ്ങളിലെ സ്ഥാനവും ബെഞ്ചിലാവാനാണ് സാധ്യത. ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ വീഴ്ത്തി വരുന്ന മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.





 


 




Tags:    

Similar News