ലോകകപ്പ്; സ്വിസ് പാലം കടക്കാന്‍ പറങ്കികള്‍; മൊറോക്കോയെ വീഴ്ത്താന്‍ സ്‌പെയിന്‍

ആദ്യ മല്‍സരത്തില്‍ മൊറോക്കോ സ്‌പെയിനിനെയും രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്റിനെയും നേരിടും.

Update: 2022-12-06 06:12 GMT


ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മാമാങ്കത്തിന് ഇന്ന് അവസാനം. അവസാന ദിവസമായ ഇന്ന് രണ്ട് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളാണ് അരങ്ങേറുക. ഇവയുടെ ഫലങ്ങള്‍ കൂടി വന്നാല്‍ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയാവും. ആദ്യ മല്‍സരത്തില്‍ മൊറോക്കോ സ്‌പെയിനിനെയും രണ്ടാം മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്റിനെയും നേരിടും. ആദ്യ മല്‍സരം രാത്രി 8.30നും രണ്ടാം മല്‍സരം അര്‍ദ്ധരാത്രി 12.30നുമാണ്.


 2010ലെ കിരീട ജേതാക്കളായ സ്‌പെയിന്‍ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് കയറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് പരാജയപ്പെട്ട സ്‌പെയിന്‍ ജര്‍മ്മനിയോട് സമനിലയും വഴങ്ങിയിരുന്നു. ആദ്യ മല്‍സരത്തില്‍ കോസ്റ്ററിക്കയ്‌ക്കെതിരേ ഏഴ് ഗോള്‍ നേടിയതിന്റെ പിന്‍ബലത്തിലാണ് അവസാന 16ല്‍ സ്‌പെയിന്‍ ഇടം നേടിയത്. ജപ്പാനെതിരേ ഇറക്കിയ സ്‌ക്വാഡില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് കോച്ച് എന്ററിക്വെ ടീമിനെ ഇറക്കുക. സിമോണ്‍, കാര്‍വചല്‍, റൊഡ്രി, ലപ്പോര്‍ട്ടെ, ആല്‍ബാ, പെഡ്രി, ബുസ്‌കറ്റ്‌സ്, ഗവി, ടോറസ്, മൊറാറ്റ, ഒലമോ എന്നിവരടങ്ങിയതാണ് സാധ്യത ഇലവന്‍.



 

ഗ്രൂപ്പ് എഫില്‍ രണ്ട് ജയവും ഒരു സമനിലയുമായാണ് മൊറോക്കോ ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തിയത്. ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയ മൊറോക്കോ കാനഡയെയും വീഴ്ത്തി ക്രൊയേഷ്യയെ സമനിലയില്‍ പിടിച്ചാണ് അവസാന 16ലേക്ക് വന്നത്. അശ്‌റഫ് ഹക്കീമി, ഹക്കിം സിയെച്ച് എന്നിവരെല്ലാം ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിക്കും. മൊറോക്കയുടെ സൂപ്പര്‍ താരം യാസിനെ ബൗണൗ പരിക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്താണ്.


 

ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയക്ക് മുന്നില്‍ കാലിടറിയിരുന്നു. ഉറുഗ്വെ, ഘാന എന്നിവരെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ അങ്കത്തിന് വരുന്നത്. ഗ്രൂപ്പ് ജയിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്റാണ് പോര്‍ച്ചുഗലിന്റെ എതിരാളി. കാമറൂണിനെ അനായാസവും സെര്‍ബിയയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലുമാണ് സ്വിസ് പട വീഴ്ത്തിയത്. പോര്‍ച്ചുഗല്‍ നിര മികച്ച ഫോമിലാണ്. എന്നാല്‍ റൊണാള്‍ഡോയുടെ ഫോമാണ് കോച്ച് സാന്റോസിനെ അലട്ടുന്ന പ്രധാന വെല്ലുവളി. 1966ല്‍ ഫൈനല്‍ കളിച്ചതിന് ശേഷം 2006 ലോകകപ്പില്‍ അവസാന നാലില്‍ ഇടം പിടിച്ചതാണ് പറങ്കികളുടെ എടുത്ത പറയത്തക്ക നേട്ടം. ഏത് പോരാട്ട വീര്യത്തെയും മറികടക്കാനുള്ള വേഗത് സ്വിസ് ടീമിനുണ്ട്. സീനിയര്‍ താരം പെപ്പേ, ഡയസ്, കാന്‍സലോ, സില്‍വ, കാര്‍വാലോ, ഫെര്‍ണാണ്ടസ്, ഫ്‌ളിക്‌സ്, കോസ്റ്റാ,ഡലോറ്റ്, റൊണാള്‍ഡോ എന്ന വിവരെ കോച്ച് ടീമില്‍ നിലനിര്‍ത്തും.

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് പുറത്തേക്കുള്ള വഴികാണിച്ച ടീമാണ് സ്വിറ്റ്‌സര്‍ലന്റ്. ജൂണില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനായിരുന്നു സ്വിസ് നിരയുടെ ജയം. നേഷന്‍സ് ലീഗില്‍ ജൂണില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ പോര്‍ച്ചുഗല്‍ നാല് ഗോളിന്റെ ജയവും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ ജയവുമായാണ് പിരിഞ്ഞത്.







Tags:    

Similar News