ഫ്‌ളോറിഡ: അല്‍ നസറിന് പ്രീസീസണ്‍ മത്സരത്തില്‍ വന്‍ തോല്‍വി. സ്പാനിഷ് ക്ലബായ സെല്‍റ്റ് വിഗോ എതിരില്ലാത്ത അഞ്ചു ഗോളിനാണ് അല്‍ നസറിനെ തോല്‍പ്പിച്ചത്. പോര്‍ച്ചുഗലില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ ആദ്യ ഇലവനില്‍ തന്നെ ഉണ്ടായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിലാണ് ഒന്നിനു പിറകെ ഒന്നായി അല്‍ നസര്‍ വലയിലേക്ക് ഗോള്‍ ഒഴുകിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം വിട്ട് 18 മിനുട്ടുകള്‍ക്ക് അകം 5 ഗോളുകള്‍ അല്‍ നസര്‍ വാങ്ങിക്കൂട്ടി. ലാര്‍സന്‍ ഹാട്രിക്ക് നേടി. 61, 72, 74 മിനുട്ടുകളില്‍ ആയിരുന്നു ലാര്‍സന്റെ ഗോളുകള്‍. അലോണ്‍സോയും റോഡ്രിഗസും ആയിരുന്നു മറ്റു സ്‌കോറേഴ്‌സ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ പ്രീസീസണ്‍ മത്സരമായിരുന്നു ഇത്. ഇനി അടുത്ത മത്സരത്തില്‍ അല്‍ നസര്‍ ബെന്‍ഫികയെ നേരിടും.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിനേക്കാള്‍ (എം.എല്‍.എസ്) മികച്ചത് സൗദി പ്രോ ലീഗാണെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പാരിസ് സെന്റ് ജര്‍മെയിനില്‍നിന്ന് (പി.എസ്.ജി) മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയ ലയണല്‍ മെസ്സിയെ കഴിഞ്ഞ ദിവസം ക്ലബ് ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെ ഒളിയമ്പ്. ഞായറാഴ്ച 20,000ത്തിലധികം കാണികളാണ് മെസ്സിയെയും ബാഴ്‌സലോണയിലെ മുന്‍ സഹതാരം സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും അവതരിപ്പിക്കുന്ന ചടങ്ങിനെത്തിയത്. ഇരുവര്‍ക്കും 2025 വരെയാണ് കരാര്‍. മെസ്സിയും സൗദി പ്രോ ലീഗിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആരാധകരെ അമ്പരപ്പിച്ച് താരം ഇന്റര്‍ മയാമിയുമായി കരാറിലെത്തുകയായിരുന്നു. സെല്‍റ്റ വിഗോക്കെതിരായ അല്‍ നസ്റിന്റെ പ്രീ-സീസണ്‍ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മേജര്‍ ലീഗ് സോക്കറിനേക്കാള്‍ മികച്ച ലീഗാണ് സൗദിയുടേതെന്ന് ക്രിസ്റ്റ്യാനോ അവകാശപ്പെട്ടത്.
ഭാവിയില്‍ എം.എല്‍.എസിലേക്ക് മാറുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. അമേരിക്കയിലേക്കെന്നല്ല ഇനി യൂറോപ്യന്‍ ക്ലബിലേക്കും പോവില്ലെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. 'ഞാന്‍ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോള്‍ എല്ലാ കളിക്കാരും അങ്ങോട്ട് വരുന്നു. എനിക്ക് 38 വയസ്സായി. മറ്റൊരു യൂറോപ്യന്‍ ക്ലബിനും വേണ്ടി ഞാനിനി കളിക്കില്ലെന്നത് നൂറ് ശതമാനം ഉറപ്പാണ്. യൂറോപ്യന്‍ ഫുട്ബാളിന് നിലവാരം നഷ്ടപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാത്രമാണ് യൂറോപ്പില്‍ നിലവാരമുള്ളത്. മറ്റേതിനേക്കാളും ഉയര്‍ന്ന നിലവാരം പ്രീമിയര്‍ ലീഗിനുണ്ട്. അത്രയും നിലവാരം സ്പാനിഷ് ലീഗിനില്ല. പോര്‍ച്ചുഗീസ് ലീഗ് മികച്ചതെങ്കിലും വേണ്ടത്ര നിലവാരമില്ല. ജര്‍മന്‍ ലീഗും ഇതില്‍നിന്ന് വ്യത്യസ്തമല്ല', എന്നിങ്ങനെയായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍.